'നേരത്തെ പറഞ്ഞ കാര്യങ്ങളിൽ മാറ്റം ഉണ്ടാവേണ്ട സാഹചര്യമുണ്ടായിട്ടില്ല'; നിലപാടിലുറച്ച് സന്ദീപ് വാര്യര്‍
|താൻ ഉന്നയിച്ച വിഷയങ്ങളിൽ ബിജെപി നേതാക്കൾ ഇടപെടാത്തത് സംബന്ധിച്ച് പാർട്ടി പ്രവർത്തകരും സമൂഹവും വിലയിരുത്തും
പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരായ അതൃപ്തി വ്യക്തമാക്കി സന്ദീപ് വാര്യർ. താൻ ഉന്നയിച്ച വിഷയങ്ങളിൽ ബിജെപി നേതാക്കൾ ഇടപെടാത്തത് സംബന്ധിച്ച് പാർട്ടി പ്രവർത്തകരും സമൂഹവും വിലയിരുത്തും. നേരത്തെ പറഞ്ഞ കാര്യങ്ങളിൽ മാറ്റം ഉണ്ടാവേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും സന്ദീപ് മീഡിയവണിനോട് പറഞ്ഞു.
സന്ദീപ് വാര്യർക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപടി മതിയെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് കഴിയും വരെ സന്ദീപിനെ അവഗണിച്ച് നിർത്തണമെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നിലപാട്. അടിയന്തരമായി നടപടി വേണമെന്ന കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം തള്ളിയാണ് സുരേന്ദ്രൻ തത്കാലം നടപടി വേണ്ടെന്ന തീരുമാനമെടുത്തത്.
അതേസമയം സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആര്‍എസ്എസ്-ബിജെപി നേതൃത്വം നടത്തുന്ന ഇടപെടൽ വിജയിക്കുമോ എന്ന് ഇന്നറിയാം. ഇന്നലെ ആര്‍എസ്എസ് നേതാവ് എ. ജയകുമാർ സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദീപ് വാര്യർ ഉന്നയിച്ച വിഷയങ്ങൾ ബിജെപി നേതൃത്വത്തിന്റെ നിലപാടനുസരിച്ചായിരിക്കും അനുനയ നീക്കങ്ങളുടെ ഭാവി. കൃഷ്ണകുമാറിനായി പ്രചാരണത്തിനിറങ്ങില്ലെന്നതുൾപ്പൊട്ട താൻ ഉനയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നാണ് സന്ദീപ് ഇന്നലത്തെ ചർച്ചക്കുശേഷം പ്രതികരിച്ചത്. അതേസമയം എല്ലാം ശരിയാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത ബിജെപി സംസ്ഥാന സമിതിയംഗം പി.ആർ ശിവശങ്കർ പ്രതികരിച്ചു.