Kerala
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും
Kerala

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

Web Desk
|
18 Nov 2022 2:50 AM GMT

ആശ്രമം കത്തിച്ചെന്ന് സംശയിക്കുന്ന പ്രകാശിന്റെ മരണവും അന്വേഷിക്കും

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. പ്രാഥമിക ഘട്ടത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തും. ആശ്രമം കത്തിച്ചെന്ന് സംശയിക്കുന്ന പ്രകാശിന്റെ മരണവും അന്വേഷിക്കും.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ആക്രമണം നടത്തിയത് ആർ.എസ്.എസ് പ്രവർത്തകനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആക്രമണം നടത്തിയത് തന്റെ സഹോദരനെന്ന് കുണ്ടമൺകടവ് സ്വദേശി പ്രശാന്താണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. പ്രശാന്തിന്റെ സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി. പ്രകാശിനെ ജനുവരിയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

കൂട്ടു പ്രതികൾ മർദിച്ചതാണ് സഹോദരന്റെ മരണത്തിന് കാരണമെന്നും പ്രശാന്ത് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതോടെ പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. മൊഴിയിൽ പറയുന്ന കൂട്ടുപ്രതികളുടെ മൊഴികൾ ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയം ആളിക്കത്തുമ്പോഴായിരുന്നു ആക്രമണം. മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ച് പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാലു വർഷമായി യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇതോടെ ആക്രമണത്തിന് പിന്നിൽ സിപിഎമ്മും സന്ദീപാനന്ദഗിരിയാണെന്നും സംഘപരിവാർ സംഘടനകൾ ആരോപിച്ചിരുന്നു.

Related Tags :
Similar Posts