സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; തെളിവുകൾ കാണാനില്ലെന്ന് പരാതി
|സി.സി ടിവി ദൃശ്യങ്ങളും ഫോൺ രേഖകളും നഷ്ടമായി. മൊഴികളുടെ കയ്യെഴുത്ത് പകർപ്പുകളും കാണാനില്ല
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യഘട്ടത്തിൽ ശേഖരിച്ച പല തെളിവുകളും കാണാനില്ലെന്ന് പരാതി. സി.സി ടിവി ദൃശ്യങ്ങളും ഫോൺ രേഖകളും നഷ്ടമായി. മൊഴികളുടെ കയ്യെഴുത്ത് പകർപ്പുകളും കാണാനില്ല. നിലവിലെ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിയെ ഇക്കാര്യം അറിയിച്ചു. ആദ്യഘട്ടത്തിലെ അന്വേഷണ സംഘത്തിന്റെ വീഴ്ചയെന്നാണ് ആക്ഷേപം.
പൂജപ്പുര പൊലിസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം കൻോറമെൻ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലെ സംഘമാണ് അന്വേഷിച്ചത്. ഇവരാണ് ഈ തെളിവുകൾ ശേഖരിച്ചത്. ഇതിനു ശേഷം കേസ് ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറിയപ്പോഴാണ് പ്രധാന തെളിവുകള്‍ നഷ്ടമായതെന്നാണ് കരുതുന്നത്. എസ്.പി സദാനന്ദൻെറ നേതൃത്വത്തിൽ തുടരന്വേഷണം നടത്തിയ സംഘമാണ് ചോർച്ച കണ്ടെത്തി ക്രൈംബ്രാഞ്ച് എഡിജിപിയെ അറിയിച്ചത്. തെളിവുകൾ നഷ്ടമായത് നാല് വർഷത്തിലേറെ പഴക്കമുള്ള കേസിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്. എന്നാൽ ആശങ്കയില്ലെന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രതികരണം..
കേസിൽ ആർഎസ്എസ് പ്രവർത്തകനായ കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിൻറെ അറസ്റ്റ് ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ആർഎസ്എസ് നേതാവായിരുന്ന പ്രകാശിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് കൃഷ്ണകുമാർ. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയായിരുന്നു ആശ്രമം കത്തിക്കൽ കേസിലെ അറസ്റ്റ്. ആത്മഹത്യ പ്രേരണക്കേസിൽ റിമാൻഡിൽ കഴിയുന്ന മറ്റ് പ്രതികളായ ശ്രീകുമാർ, സതികുമാർ, രാജേഷ് എന്നിവരും ആശ്രമം കത്തിക്കൽ കേസിൽ അറസ്റ്റിലാകുമെന്നായിരുന്നു സൂചന.
2018 ഒക്ടോബർ 27 ന് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് ഈ പ്രതികളും മരണപ്പെട്ട പ്രകാശും ചേർന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പ്രകാശിൻറെ സഹോദരൻ പ്രശാന്ത് ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയ പ്രശാന്ത് പിന്നീട് കോടതിയിൽ മൊഴി മാറ്റി.