സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയുടെ മരണം; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ
|പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും
തിരുവനന്തപുരം: കുണ്ടമൺകടവ് സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ പ്രകാശ് ജീവനൊടുക്കിയതിൽ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ. രാജേഷ്, ശ്രീകുമാര്‍, കൃഷ്ണകുമാര്‍, സതികുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പരസ്ത്രീ ബന്ധവുമായി ബന്ധപ്പെട്ട് പ്രകാശിന് മർദനം ഏറ്റിരുന്നു. ഇതിൽ മനം നൊന്താണ് പ്രകാശ് ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ പ്രതികളും പ്രകാശനും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് പ്രകാശന്‍റെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ സഹോദരൻ മൊഴി മാറ്റി നൽകിയിരുന്നു. മൊഴി മാറ്റിയെങ്കിലും പ്രതികൾക്കെതിരെ സി.സി.ടി.വി ദൃശ്യങ്ങളടക്കം തെളിവുണ്ടെന്നും അന്വേഷണം മുന്നോട്ട് പോകുമെന്നായിരുന്നു ക്രൈംബ്രാഞ്ച് വിശദീകരണം. മൊഴിമാറ്റം സമ്മർദം മൂലമാകാമെന്നായിരുന്നു സിപിഎം വാദം.
ആത്മഹത്യ കൂടാതെ ആശ്രമം കത്തിച്ച കേസിലും പ്രതികളെ ചോദ്യം ചെയ്യും. അൽപ്പ സമയത്തിനകം പ്രതികളെ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നും കോടതിയിലേക്ക് കൊണ്ടു പോകും. പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും.
2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീ കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയം ആളിക്കത്തുമ്പോഴായിരുന്നു ആക്രമണം. മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ച് പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാലു വർഷമായി യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇതോടെ ആക്രമണത്തിന് പിന്നിൽ സിപിഎമ്മും സന്ദീപാനന്ദഗിരിയാണെന്നും സംഘപരിവാർ സംഘടനകൾ ആരോപിച്ചിരുന്നു.