'ആദിവാസി ഊരുകളിലേക്ക് സംഘ്പരിവാർ നുഴഞ്ഞുകയറുന്നു'; ആരോപണവുമായി പൊടിയം ഊര് നിവാസികൾ
|ആദിവാസി ആരാധനാലയങ്ങളെ ഹിന്ദുത്വവത്കരിക്കുന്നെന്നും ആരോപണം
തിരുവനന്തപുരം: ആദിവാസി ആരാധന കേന്ദ്രങ്ങളെ ഹിന്ദുത്വവത്കരിച്ച് ഊരുകളിലേക്ക് നുഴഞ്ഞു കയറാൻ സംഘ്പരിവാർ ശ്രമിക്കുന്നുവെന്ന് തിരുവനന്തപുരം പൊടിയം ഊര് നിവാസികള്‍. സേവാഭാരതി പോലുള്ള സംഘടനകള്‍ ഊരുകളിലെ ആരാധനാക്രമങ്ങള്‍ ഹൈജാക്ക് ചെയ്യുന്നു, തങ്ങളുടേത് എന്ന ലേബലുപയോഗിച്ച് വിശ്വാസങ്ങളെ കാടിന് പുറത്ത് വില്പന നടത്തുകയാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നതെന്നും ഊര് നിവാസികള്‍ ആരോപിക്കുന്നു.
സവിശേഷമായ ആരാധനാ രീതികൾ പിന്തുടരുന്നവരാണ് ആദിവാസികൾ. കാടിനെയും പ്രകൃതി ശക്തികളെയും ആരാധിക്കുന്ന ദൈവ സങ്കൽപ്പങ്ങൾ. പിതൃ സ്മൃതികളും നായാട്ടുധര്‍മ്മങ്ങളുമുള്ള ആരാധനാ മൂർത്തികൾ. മലദൈവങ്ങളെ പ്രീതിപ്പെടുത്തുവാൻ കാടിന് വേറിട്ട മർഗ്ഗങ്ങളുണ്ട്, അസാധാരണമായ ഇടങ്ങളുണ്ട്. ഈ ഇടങ്ങളെ ഹിന്ദുത്വ വത്കരിച്ച് ഊരുകളിലേക്ക് കടന്നു കയറാൻ ശ്രമിക്കുകയാണ് സംഘ്പരിവാറെന്നാണ് ആരോപണം.
കാടിനുള്ളിലെ ആരാധനാകേന്ദ്രങ്ങൾ ഭൂരിഭാഗവും ഇപ്പോൾ സേവാഭാരതിയുടെ മേൽനോട്ടത്തിലാണ്. ആദിവാസികൾ കാഴ്ചക്കാർ മാത്രമായി മാറി. ആരാധനാകേന്ദ്രങ്ങളിൽ പിടിമുറുക്കി ഊരുകളിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യവും സംഘ്പരിവാറിനുണ്ട് എന്ന ആരോപണം നേരത്തെ ഉണ്ട്. എന്നാൽ തനതായ രീതികളെ സംരക്ഷിച്ച് ഹിന്ദുത്വ വത്കരണത്തെ ചെറുക്കണം എന്ന നിലപാടുള്ളവരാണ് ഊരുകളിൽ കൂടുതലും.