'മോനേ അല്ലാഹുവാണ് മഴ തരുന്നത്'; മദ്രസാ പാഠപുസ്തകത്തിൻറെ പേരിൽ സംഘ്പരിവാർ വിദ്വേഷപ്രചാരണം
|പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജപ്രചാരണം നടത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീന്റെ ഒന്നാം ക്ലാസ് മദ്രസാ പാഠപുസ്തകത്തിന്റെ പേരിൽ സംഘ്പരിവാർ വിദ്വേഷപ്രചാരണം. ഇത് കേരളത്തിലെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്ന പുസ്തകമാണെന്ന പേരിലാണ് പ്രചരിപ്പിക്കുന്നത്. പാഠഭാഗത്ത് ഉമ്മയും മകനും തമ്മിലുള്ള സംസാരത്തിൽ മഴ തരുന്നത് അല്ലാഹുവാണെന്ന് ഉമ്മ മകനോട് പറയുന്ന ഭാഗം ചൂണ്ടിക്കാട്ടിയാണ് തെറ്റായ പ്രചാരണം നടക്കുന്നത്.
വലതുപക്ഷ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ പ്രതീഷ് വിശ്വനാഥ്, ബി.ജെ.പി നേതാവ് എം.ടി രമേശ് തുടങ്ങി നിരവധിപേരാണ് ഇത് പ്രചരിപ്പിക്കുന്നത്. സംഘ്പരിവാറിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇതേ രീതിയിൽ പ്രചാരണം നടക്കുന്നുണ്ട്.
സ്‌കൂളുകളിലെ അറബിക് ക്ലബ്ബിന്റെ പേരിൽ നവാഗതർക്ക് സ്വാഗതമോതിക്കൊണ്ട് സ്ഥാപിച്ച ബാനറിന്റെ പേരിലും വിദ്വേഷപ്രചാരണം നടക്കുന്നുണ്ട്. മഹർജാൻ അൽബിദായ (നവാഗതർക്ക് സ്വാഗതം) എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഇസ്‌ലാമികവൽക്കരണം എന്ന പേരിലാണ് സംഘ്പരിവാർ പ്രചാരണം നടത്തുന്നത്.
നേരത്തെ മദ്രസാ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സംസ്ഥാന സർക്കാരാണെന്നും സംഘ്പരിവാർ പ്രചരിപ്പിച്ചിരുന്നു. സംഘ്പരിവാർ അനുകൂല ചാനലിലെ അവതാരക വളരെ ആധികാരികമെന്ന രീതിയിൽ തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചില്ല. 2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.