Kerala
സന്തോഷ് ജോര്‍ജ് കുളങ്ങര ബഹിരാകാശത്തേക്ക്; ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ലഭിച്ച ഏകവ്യക്തി
Kerala

സന്തോഷ് ജോര്‍ജ് കുളങ്ങര ബഹിരാകാശത്തേക്ക്; ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ലഭിച്ച ഏകവ്യക്തി

Web Desk
|
16 July 2021 4:33 AM GMT

2007ല്‍ തന്നെ ബഹിരാകാശ വിനോദയാത്രയുടെ ഭാഗമാകാമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നെങ്കിലും വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ യാത്രാശ്രമം വിജയിച്ചതോടെ ഇപ്പോഴാണ് അവസരമൊരുങ്ങിയത്.

ബ്രിട്ടീഷ് ശതകോടീശ്വരന്‍ സര്‍ റിച്ചഡ് ബ്രാന്‍സിന്റെ ഉടമസ്ഥതയിലുള്ള വെര്‍ജിന്‍ ഗലാക്റ്റിക് കമ്പനി നടത്തുന്ന ബഹിരാകാശ വിനോദയാത്രക്ക് ടിക്കറ്റ് ലഭിച്ചവരില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയും. ടെസ് ല മേധാവി ഇലോണ്‍ മസ്‌ക് അടക്കമുള്ള പ്രമുഖരും കോടീശ്വരന്‍മാരുമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് സന്തോഷ് ജോര്‍ജിന് മാത്രമാണ് ടിക്കറ്റ് ലഭിച്ചിട്ടുള്ളത്.

2007ല്‍ തന്നെ ബഹിരാകാശ വിനോദയാത്രയുടെ ഭാഗമാകാമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നെങ്കിലും വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ യാത്രാശ്രമം വിജയിച്ചതോടെ ഇപ്പോഴാണ് അവസരമൊരുങ്ങിയത്. അടുത്ത വര്‍ഷമായിരിക്കും സന്തോഷ് ജോര്‍ജിന്റെ യാത്രയെന്നാണ് സൂചന. രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) യാത്രാച്ചെലവ് കണക്കാക്കുന്നത്.

സഞ്ചാരം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തനായ സന്തോഷ് ജോര്‍ജ് കുളങ്ങര 24 വര്‍ഷം കൊണ്ട് 130 ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സഞ്ചാരത്തിന്റെ 1800 എപ്പിസോഡുകള്‍ ഇതുവരെ സംപ്രേഷണം ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തിന്റെ തൊട്ടരികിലാണ് താനെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് പങ്കുവെച്ച ഈ വലിയ സ്വപ്‌നം ഉടന്‍ സത്യമാകുമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര നേരത്തെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

Similar Posts