രണ്ടും ഒരാൾ തന്നെ; മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ചതും സന്തോഷ്; സ്ഥിരീകരിച്ച് പൊലീസ്
|സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരാള്‍ തന്നെയാണെന്ന കാര്യം വ്യക്തമായത്.
തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസിലേയും കുറവന്‍കോണത്തെ വീടാക്രമണ കേസിലേയും പ്രതി ഒരാള്‍ തന്നെ. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. ജലസേചന മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവറാണ് പ്രതി സന്തോഷ്. സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരാള്‍ തന്നെയാണെന്ന കാര്യം വ്യക്തമായത്.
ഇയാള്‍ കാര്‍ മ്യൂസിയം വളപ്പില്‍ കൊണ്ടിടുന്നതും ആക്രമണശേഷം വാഹനമെടുത്ത് പോവുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. ഈ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.
കുറവന്‍കോണത്തെ വീട്ടിലെ അതിക്രമ ശേഷം ടെന്നീസ് ക്ലബ്ബിന് പരിസരത്തേക്കെത്തുന്ന സന്തോഷ് തുടര്‍ന്ന് മ്യൂസിയം പരിസരത്തേക്കെത്തുകയും കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഓടി പുറത്തുകടന്ന ശേഷം വീണ്ടും കാറെടുത്ത് ടെന്നീസ് ക്ലബ്ബിന്റെ ഭാഗത്തേക്കു പോവുകയായിരുന്നു. ഈ സമയങ്ങളില്‍ സന്തോഷിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും ഇവിടങ്ങളിലായിരുന്നു.
ഇന്ന് പരാതിക്കാരിയെ വിളിച്ചുവരുത്തി തിരിച്ചറിയല്‍ പരേഡ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനു മുമ്പാണ് ഇപ്പോള്‍ രണ്ട് സംഭവത്തിലേയും പ്രതി ഒരാളാണെന്ന് വ്യക്തമായിരിക്കുന്നത്. രാവിലെ 10ഓടെയാണ് യുവതിയെ തിരിച്ചറിയല്‍ പരേഡിനായി വിളിച്ചിരിക്കുന്നത്. അതൊരു സ്വാഭാവിക നടപടിക്രമം മാത്രമാണ്.
കുറവന്‍കോണം പ്രതിയും തന്നെ ആക്രമിച്ച പ്രതിയും ഒരാളാണെന്ന് പരാതിക്കാരി മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് സ്ഥിരീകരണം. ഇന്നലെ രാത്രിയാണ് കുറവന്‍കോണം വീടാക്രമണ കേസില്‍ സന്തോഷിനെ പൊലീസ് പിടികൂടിയത്. ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ വീടാക്രമണ കേസില്‍ കുറ്റം സമ്മതിച്ചെങ്കിലും മ്യൂസിയം വളപ്പിലെ അതിക്രമത്തില്‍ കുറ്റം സമ്മതിച്ചിരുന്നില്ല.
പത്ത് മണിക്ക് തിരിച്ചറിയല്‍ പരേഡിനു ശേഷം മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. കുറവൻകോണത്ത് അതിക്രമം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സന്തോഷിനെ പോലീസ് പിടികൂടിയത്.