കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നീക്കം നടത്തി ശരത്ചന്ദ്ര പ്രസാദ്; അനുനയിപ്പിച്ച് നേതാക്കൾ
|പാര്‍ട്ടി നേതൃത്വത്തിന്റെ നിലവിലുള്ള പോക്കില്‍ അതൃപ്തി അറിയിച്ചായിരുന്നു ഇത്തരമൊരു നീക്കം.
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നീക്കം നടത്തി നിര്‍വാഹക സമിതിയംഗം ടി ശരത്ചന്ദ്ര പ്രസാദ്. എന്നാൽ യോഗത്തിന് മുമ്പ് തന്നെ നേതാക്കൾ ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിച്ചു.
ഇന്നലെ രാത്രിയാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെ വിളിച്ച് താന്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ തയാറെടുക്കുകയാണ് എന്ന കാര്യം ശരത്ചന്ദ്ര പ്രസാദ് അറിയിച്ചത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലവിലുള്ള പോക്കില്‍ അതൃപ്തി അറിയിച്ചായിരുന്നു ഇത്തരമൊരു നീക്കം. എന്നാല്‍ മത്സരിക്കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ശരത് ചന്ദ്രപ്രസാദിനെ വിളിച്ച് സംസാരിച്ച് അനുനയിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെ ഇത്തരമൊരു മത്സരത്തിന് തയാറാവരുത് എന്നാണ് നേതാക്കള്‍ പറഞ്ഞത്. ഇതിന് ശരത്ചന്ദ്ര പ്രസാദ് വഴങ്ങുകയും മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു.
ജനറല്‍ ബോഡി യോഗത്തിന് മുമ്പായിരുന്നു അനുനയ ചര്‍ച്ച. ഇതോടെ ജനറല്‍ ബോഡി യോഗത്തില്‍ ശരത്ചന്ദ്ര പ്രസാദ് മത്സരകാര്യം പറഞ്ഞില്ല. തെരഞ്ഞെടുപ്പ് കാര്യത്തിലുള്ള തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം ജനറല്‍ ബോഡി യോഗം ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു.
അതൃപ്തി അറിയിച്ച വിഷയങ്ങളില്‍ പരിഹാരം കാണാമെന്ന് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ശരത്ചന്ദ്ര പ്രസാദിന് ഉറപ്പ് നല്‍കുകയും ചെയ്തു.