'സരിൻ പാലക്കാടിന് ഉത്തമൻ, ജനതയുടെ ഭാഗ്യം'; വാനോളം പുകഴ്ത്തി ഇ.പി ജയരാജൻ
|സരിന് എന്നും ഇടതുപക്ഷ മനസായിരുന്നെന്നും ഇ.പി
പാലക്കാട്: പാലക്കാട്ടെ ജനതയുടെ ഭാഗ്യമാണ് സരിന്റെ സ്ഥാനാർഥിത്വമെന്ന് ഇ.പി ജയരാജൻ. ഇന്ന് രാവിലെയാണ് ജയരാജൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പാലക്കാട് എത്തിയത്.
പാലക്കാട്ടെ ജനതയ്ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാർഥിയാണ് സരിൻ. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ആതുരസേവനരംഗത്ത് സാധാരണക്കാരെ ചികിത്സിക്കാനായി ഡോക്ടറായി. എല്ലാ മേഖലയിലും കഴിവ് തെളിയിച്ച് മിടുക്കനായ വിദ്യാർഥിയാണ് സരിൻ.
ഇടതുപക്ഷരാഷ്ട്രീയമല്ല സരിൻ സ്വീകരിച്ചത് പക്ഷെ അദ്ദേഹത്തിന്റെ മനസ് തൊഴിലാളികളോടും കൃഷിക്കാരോടുമൊപ്പമായിരുന്നു. അദേഹത്തിന് ഇടതുപക്ഷമനസായിരുന്നു.
ഏത് രംഗത്തും പണമുണ്ടാക്കാൻ കഴിയുന്ന ഉന്നതനായ വ്യക്തി അത് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത് മഹത്തരമാണ്.
അദേഹം വിശ്വസിച്ച കോൺഗ്രസ് വർഗീയതയുമായി കൂട്ടുചേരുകയായിരുന്നു. ഇത് സരിനെ വലതുപക്ഷവുമായി വിയോജിപ്പിന് കാരണമായി. ഇതാണ് സരിനെ ഇടതുപക്ഷത്തിലെത്തിച്ചത്.
പാലക്കാടിന്റെ സമഗ്ര മേഖലകളിലും വികസനമുരടിപ്പാണിപ്പോൾ, ആ മുരടിപ്പിനെ മാറ്റി മണ്ഡലത്തെ ഐശ്വര്യസമ്പുഷ്ടമാക്കാൻ തന്റെ പ്രതിഭയിലൂടെ പരിശ്രമിക്കുകയാണ് സരിൻ.
എല്ലാവരുടെയും വേദന നേരിട്ടുകണ്ട് അതിന് ആശ്വാസം കൊടുക്കാൻ ഒരു രോഗിയോടുള്ള ഡോക്ടറോട് പോലെ തന്നെ സരിന് പെരുമാറാൻ കഴിയും.
സരിൻ ജയിക്കേണ്ടത് നാടിന്റെ പുരോഗതിക്ക് ആവശ്യമാണ്. എല്ലാവരും സരിന് വോട്ട് ചെയ്യുമെന്ന് തന്നെയാണ് താൻ പ്രതിക്ഷിക്കുന്നത് എന്നാണ് ഇ.പി സരിനെക്കുറിച്ച് പറഞ്ഞവസാനിപ്പിച്ചത്.