സുധാകരന്റേത് വ്യക്തിപരമായ അഭിപ്രായം; പരസ്യ നിലപാടുകളിൽ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് അതോറിറ്റിയെന്ന് തരൂർ
|വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല. സാധാരണ പ്രവര്‍ത്തകരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. അവരിലാണ് തനിക്കു വിശ്വാസം.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നേതാക്കളും പി.സി.സികളും പരസ്യമായി തനിക്ക് എതിരെ രംഗത്തെത്തിയതിൽ പ്രതികരണവുമായി ശശി തരൂർ. പരസ്യ നിലപാടുകളിൽ എന്ത് നടപടിയെടുക്കണം എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് അതോറിറ്റിയാണെന്ന് തരൂർ പറഞ്ഞു. ഔദ്യോഗിക സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച കെപിസിസി അധ്യക്ഷന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂർ പറഞ്ഞു.
തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം ഇന്നലെയാണ് ഇറങ്ങിയത്. താനല്ല തെരഞ്ഞെടുപ്പ് നടത്തുന്നത്. എ.ഐ.സി.സിയാണ്. കെപിസിസി അധ്യക്ഷനായല്ല, ഒരു വ്യക്തിയായി സുധാകരന്‍ അദ്ദേഹത്തിന്റെ താല്‍പര്യം അറിയിച്ചു എന്നാണ് കരുതുന്നത്. അതിലൊരു തെറ്റും കാണുന്നില്ല. കാരണം എല്ലാ വ്യക്തികള്‍ക്കും അങ്ങനെ ചെയ്യാം.
''എന്നാൽ നിര്‍ദേശം കൊടുക്കാന്‍ പാടില്ലെന്ന് സര്‍ക്കുലര്‍ ഉണ്ട്. പദവി വഹിക്കുന്ന വ്യക്തികള്‍ ഇങ്ങനെ തുറന്നുപറയരുതെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇനി ഇതേക്കുറിച്ച് പറയേണ്ടത് താനല്ല, തെരഞ്ഞെടുപ്പ് അതോറിറ്റിയാണ്''- തരൂര്‍ പറഞ്ഞു. തെലങ്കാന പി.സി.സിയുടെ നിലപാടിലും തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് മറുപടി പറയേണ്ടത്. മറ്റുള്ളവരുടെ മനസ് നോക്കേണ്ട ആവശ്യം തനിക്കില്ല.
അണികള്‍ക്ക് ഇഷ്ടമുള്ളവരെ, വിശ്വാസമുള്ളവരെ തെരഞ്ഞെടുക്കട്ടെ. ഈ പാര്‍ട്ടിയെ കുറച്ചുകൂടി ശക്തിപ്പെടുത്താനും നാളത്തെ വെല്ലുവിളികളെ നേരിടാനും ആരാണ് വേണ്ടതെന്ന് അവര്‍ തീരുമാനിക്കട്ടെ. അതുപോലെ അവര്‍ വോട്ട് ചെയ്യട്ടെയെന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് തവണയും എതിര്‍സ്ഥാനാര്‍ഥിക്ക് 19 ശതമാനം വോട്ടേ കിട്ടിയിള്ളൂ. അത് കൂടേണ്ടതുണ്ട്. വോട്ട് ചെയ്യാത്തവരെ കൊണ്ടുകൂടി ചെയ്യിക്കേണ്ടതുണ്ട്.
''12 സംസ്ഥാനങ്ങളില്‍ കൂടി പോവണമെന്നാണ് ആഗ്രഹം. രണ്ടിടങ്ങളിൽ ഇതിനോടക പോയി. പോവാന്‍ പറ്റാത്തയിടത്തുള്ളവരെ ഫോണില്‍ വിളിക്കണം. വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല. സാധാരണ പ്രവര്‍ത്തകരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. അവരാണ് എനിക്ക് പിന്തുണ നല്‍കുന്നത്. അവരാണ് എന്നോട് മത്സരിക്കണം എന്ന് പറയുന്നത്. അവരിലാണ് എനിക്കു വിശ്വാസം. ഇതുവരെ എനിക്ക് പിന്തുണ നല്‍കിയവരെ ഞാന്‍ ചതിക്കില്ല''.
''വോട്ടെടുപ്പ് നടക്കുന്ന 17 വരെ നമ്മുടെ സന്ദേശം എല്ലാവരിലും എത്തിക്കാനാണ് ശ്രമിക്കുന്നത്. അതിനിടയിലൂടെ പാര്‍ട്ടി പദവിയിലിരിക്കുന്നവര്‍ ഒരു പരസ്യ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ അതില്‍ അവര്‍ നിലപാട് എടുക്കട്ടെ. യുവനിരയുടെ മാത്രമല്ല, എല്ലാവരുടേയും പിന്തുണ വേണം''.
ഇതിനിടെ മുതിര്‍ന്ന നേതാക്കളില്‍ പലരും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗവും യുവജനങ്ങളാണ്. അതേസമയം, തെലങ്കാന പി.സി.സിയുടെ നിലപാട് തള്ളുന്നുണ്ടോ എന്ന ചോദ്യത്തിന് ആരെയും തള്ളുന്നില്ലെന്നും എല്ലാവരേയും എനിക്ക് ആവശ്യമാണെന്നും അതിലെല്ലാം തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും തരൂർ വിശദമാക്കി.
നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി.സി.സി ശശി തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ കേന്ദ്രമന്ത്രി ചിന്താ മോഹന്‍ ഉള്‍പ്പെടെയുള്ളവരാണ് ആവശ്യം ഉന്നയിച്ചത്. തരൂർ ഇന്നലെ നടത്തിയ പ്രചാരണ പരിപാടിയിൽ നിന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണയുമായി തെലങ്കാന പ്രതിപക്ഷ നേതാവ് കുണ്ടുരു ജന റെഡ്ഡി, പ്രതിപക്ഷ ഉപനേതാവ് മല്ലു ഭട്ടി വിക്രമാര്‍ക അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെയാണ് തെരഞ്ഞെടുപ്പ് അതോറിറ്റി മാർഗനിർദേശം പുറത്തിറക്കിയത്. ലഘുലേഖകൾ ഉപയോഗിച്ചുള്ള പ്രചാരണത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പരസ്പരം ദുഷ്പ്രചരണം നടത്തരുത് എന്ന് മാർഗ നിർദേശത്തിൽ പറയുന്നു. ഇത്തരം നടപടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കും. സ്ഥാനാർഥികൾ വോട്ടർമാരുടെ യോഗം വിളിച്ചാൽ പി.സി.സി അധ്യക്ഷന്മാർ സൗകര്യം ഒരുക്കണം.
പി.സി.സി അധ്യക്ഷമാൻ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്. ഉത്തരവാദിത്വപ്പെട്ട പദവികളിൽ ഇരിക്കുന്നവർ പ്രചാരണത്തിന് ഇറങ്ങുകയാണെങ്കിൽ പദവി രാജിവയ്ക്കണം. പദവികളിൽ ഇരുന്ന് സ്ഥാനാർഥികളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രചരണം നടത്തരുത്. വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരുന്നതിനും വിലക്കുണ്ട്.