ബ്രഹ്‌മപുരം തീപിടിത്തത്തിൽ നാസയിൽ നിന്ന് ലഭിച്ച ഉപഗ്രഹ ചിത്രങ്ങൾ അവ്യക്തം
|ഉപഗ്രഹ ചിത്രം നിർണായക തെളിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. സ്വാഭാവിക തീപിടുത്തമെന്ന ഫോറൻസിക് റിപ്പോർട്ട് അടിസ്ഥാനമാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കും
കൊച്ചി: ബ്രഹ്മപുരം തീപ്പിടുത്തവുമായി ബന്ധപ്പെട്ട് നാസയിൽ നിന്ന് ലഭിച്ച ഉപഗ്രഹ ചിത്രങ്ങൾ അവ്യക്തം. ഉപഗ്രഹ ചിത്രം നിർണായക തെളിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. സ്വാഭാവിക തീപിടുത്തമെന്ന ഫോറൻസിക് റിപ്പോർട്ട് അടിസ്ഥാനമാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. മാലിന്യ കൂമ്പാരത്തിലെ രാസവസ്തുക്കൾ തീ പിടിക്കാൻ കാരണമായി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ വലിയ രീതിയിൽ രാസമാറ്റം ഉണ്ടാകും. മാലിന്യ കൂമ്പാരത്തിൻറെ അടിത്തട്ടിൽ നിന്നാണ് തീയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
110 ഏക്കർ സ്ഥലത്തായിട്ട് മാലിന്യ പ്ലാൻറ് വ്യാപിച്ചുകിടക്കുന്നത്. മാർച്ച് 2ന് വൈകിട്ട് 3.45ഓടെയാണ് ഇവിടെ നിന്നും തീ ഉയരുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയർന്നത് ഒറ്റപ്പെട്ട സ്ഥലത്ത്. അന്ന് ആറുമണിക്കൂർ കൊണ്ട് തീ അണയ്ക്കാനായി. ഇത്തവണ 12 ദിവസം എടുത്തതാണ് തീ അണച്ചത്.അതായത് തീപിടുത്തം ആരംഭിച്ച സ്ഥലത്ത് തീ ആളിപ്പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന ഇതെല്ലാം തീ കത്തിപ്പടരാൻ കാരണമായി.