‘ചിലർക്ക് ചില പേരുകൾ കേൾക്കുന്നതേ അലർജി’; ഇൻതിഫാദ എന്ന പേര് വിലക്കിയതിനെതിരെ സത്താർ പന്തല്ലൂർ
|‘മുൻസിഫ് കോടതിയും വകീലും ബദലുമെല്ലാം അറബിയിൽ നിന്ന് നാം സ്വീകരിച്ച പദങ്ങളാണ്’
കോഴിക്കോട്: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കുന്നത് വൈസ് ചാൻസിലർ വിലക്കിയതിനെതിരെ സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ. ചിലർക്ക് ചില പേരുകൾ കേൾക്കുന്നതേ അലർജിയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അലഹാബാദ് മുതൽ ഹൈദരാബാദ് വരെയുള്ളവയുടെ പേര് മാറ്റാൻ നടക്കുന്നത് അത്തരക്കാരാണ്. 'മുൻസിഫ്' കോടതിയും വകീലും ബദലുമെല്ലാം അറബിയിൽ നിന്ന് നാം സ്വീകരിച്ച പദങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പണ്ട്, പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചവരുടെ നാടാണ് നമ്മുടേത്. ഇപ്പോൾ എല്ലാം പേരിലായിരിക്കുന്നു. ചിലർക്ക് ചില പേരുകൾ കേൾക്കുന്നതേ അലർജിയാണ്. അലഹാബാദ് മുതൽ ഹൈദരാബാദ് വരെയുള്ളവയുടെ പേര് മാറ്റാൻ നടക്കുന്നത് അത്തരക്കാരാണ്.
മൃഗശാലയിലെ സിംഹങ്ങൾക്ക് അക്ബർ- സീത എന്നു പേരിട്ടപ്പോൾ മദമിളകിയതും അവർക്കാണ്. ഇപ്പോൾ ആ സൂക്കേട് കേരളത്തിലെ ചിലർക്കും പിടികൂടിയിരിക്കുന്നു. കേരള യൂനിവേഴ്സിറ്റിയിലെ കലോത്സവത്തിന് 'ഇൻതിഫാദ' എന്നു പേരിട്ടതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. കുലുക്കുക, വിറപ്പിക്കുക എന്നതാണ് അർത്ഥം. ഇൻക്വിലാബ് പോലെ ഇൻതിഫാദയും അറബിയാണെന്നു മാത്രം.
ഇതര ഭാഷാപദങ്ങൾ കടം വാങ്ങാത്ത ഏത് സമൂഹമാണ് ഭൂമിയിൽ ഉള്ളത്? ആരുമില്ല. 'മുൻസിഫ്' കോടതിയും വകീലും ബദലുമെല്ലാം അറബിയിൽ നിന്ന് നാം സ്വീകരിച്ച പദങ്ങളാണ്. അറബി-ഉർദു - ഹിന്ദുസ്ഥാനി പദങ്ങൾ കടമെടുക്കാത്ത ഹിന്ദി പാട്ടുകൾ ഉണ്ടോ? ഇല്ല. പക്ഷേ, ആരോട് പറയാൻ.
ഭാഷയും പുസ്തകവും വശമില്ലാത്തവർ നാടുഭരിക്കുന്നു. കാര്യസ്ഥന്മാർ ഗവർണർ പദവി കയ്യാളുന്നു. അവരുടെ ചെരിപ്പു നക്കാൻ വിധിക്കപ്പെട്ടവ വി.സിമാരായി മാറുന്നു. അവർക്ക് മതവും മദവും ഇളകുന്നതാണ് ഇവിടെയെല്ലാം നാം കാണുന്നത്.