'വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയി'; ശശി തരൂരിനെതിരെ സത്താർ പന്തല്ലൂർ
|മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലാണ് ശശി തരൂർ ഹമാസ് പോരാളികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചത്.
കോഴിക്കോട്: ഹമാസ് പോരാളികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ശശി തരൂരിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ. ഐക്യരാഷ്ട്രസഭയിൽ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഗാന്ധിജിയും നെഹ്‌റുവും മുതൽ കോൺഗ്രസ് സർക്കാറും പാർട്ടി നേതൃത്വവും ഇക്കാലമത്രയും ഫലസ്തീൻ ജനതയോട് കൂടെ നിൽക്കുകയും ഇസ്രയേൽ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്. ഇതിൽ നിന്ന് ഭിന്നമായി ശശി തരൂർ പോലുള്ള ഒരാളിൽ നിന്നുണ്ടായ പരാമർശം അത്ഭുതപ്പെടുത്തിയെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഏതാനും ദിവസം മുമ്പ് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഫലസ്തീന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചപ്പോൾ അതിനെ ശശി തരൂർ ശക്തമായി എതിർത്തതായി അറിയാൻ കഴിഞ്ഞു. രമേശ് ചെന്നിത്തല അനുകൂലമായി വാദിച്ചതിനൊടുവിലാണത്രേ പ്രമേയം അംഗീകരിക്കപ്പെട്ടത്.
ഗാന്ധിജിയും നെഹ് റുവും മുതൽ കോൺഗ്രസ് സർക്കാറും പാർടി നേതൃത്വവും ഇക്കാലമത്രയും ഫലസ്തീൻ ജനതയോട് കൂടെ നിൽക്കുകയും ഇസ്രയേൽ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്.ഇതിൽ നിന്ന് ഭിന്നമായി ശശി തരൂർ പോലുള്ള ഒരാളിൽ നിന്നുണ്ടായ പരാമർശം അത്ഭുതപ്പെടുത്തി. ഐക്യരാഷ്ട്രസഭയിൽ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയി.