ശരീഅത്തിനോടുള്ള സി.പി.എം നിലപാട് വ്യക്തമാക്കണം, ധൃതരാഷ്ട്രാലിംഗനം വേണ്ട : സത്താർ പന്തല്ലൂർ
|ഇസ് ലാമിക ശരീഅത്തിനോടും വ്യക്തി നിയമങ്ങളോടും കടുത്ത വിയോജിപ്പ് നിലനിർത്തികൊണ്ടു തന്നെ ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിലേക്ക് മുസ് ലിംകളെ ക്ഷണിക്കുന്നത് സദുദ്ദേശപരമാണോ ?
കോഴിക്കോട്: ശരീഅത്തിനോടുള്ള സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് സമസ്ത യുവ നേതാവ് സത്താര്‍ പന്തല്ലൂര്‍.വ്യക്തിനിയമത്തെക്കുറിച്ചുള്ള നിലപാടിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ സി.പി.എം അക്കാര്യം പറയണം. ഏകസിവിൽ കോഡിന്‍റെ പേരിൽ ധൃതരാഷ്ട്രാലിംഗനവുമായി ആരും വരേണ്ടതില്ലെന്നും സത്താര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വജ്രായുധം എന്ന നിലയിലാണ് ഏക സിവിൽകോഡിനെ ബി.ജെ.പി അവതരിപ്പിക്കുന്നത്. രാജ്യം നേരിടുന്ന ജീവൽ പ്രശ്നങ്ങൾ മറച്ചുവെച്ച് വർഗീയതയുടെ തീ ആളിക്കത്തിച്ച് വീണ്ടും ഭരണം പിടിക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഏക സിവിൽകോഡ് ഒരു മുസ്‍ലിം സാമുദായിക പ്രശ്നമായി മാറണം എന്നത് ബി.ജെ.പിയുടെ അജണ്ടയാണെന്നും കുറിപ്പില്‍ പറയുന്നു.
സത്താര്‍ പന്തല്ലൂരിന്‍റെ കുറിപ്പ്
ഏക സിവിൽ കോഡിനെതിരെ ഇരുമുന്നണികളും മുഖ്യധാര രാഷ്ട്രീയ നേതാക്കളും ഒരേ സ്വരത്തിൽ രംഗത്തു വന്നത് ആശ്വാസകരവും സ്വാഗതാർഹവുമാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വജ്രായുധം എന്ന നിലയിലാണ് ഏക സിവിൽ കോഡിനെ ബി.ജെ.പി അവതരിപ്പിക്കുന്നത്. ഹിന്ദു- മുസ്‍ലിം ധ്രുവീകരണമാണ് അവരുടെ ലക്ഷ്യം. രാജ്യം നേരിടുന്ന ജീവൽ പ്രശ്നങ്ങൾ മറച്ചുവെച്ച് വർഗീയതയുടെ തീ ആളിക്കത്തിച്ച് വീണ്ടും ഭരണം പിടിക്കാൻ അവർ ലക്ഷ്യമിടുന്നു.
ഏക സിവിൽകോഡ് ഒരു മുസ് ലിം സാമുദായിക പ്രശ്നമായി മാറണം എന്നത് ബി.ജെ.പിയുടെ അജണ്ടയാണ്. എന്നാൽ ഇന്ത്യയിലെ കോടിക്കണക്കായ ഗോത്രവർഗ്ഗ-ആദിവാസി വിഭാഗങ്ങളുടെ തദ്ദേശീയ സാംസ്കാരിക വിനിമയങ്ങളെയും സെമിറ്റിക് മതങ്ങളുടെ ആചാരങ്ങളേയും പ്രതികൂലമായി ബാധിക്കുന്നതും, ഭരണഘടന ഉറപ്പു തരുന്ന അവകാശങ്ങളുടെ ലംഘനവുമാണ് ഏക സിവിൽ കോഡിനുള്ള നീക്കം.
പ്രകോപനങ്ങളെ തള്ളിക്കളഞ്ഞ് ഇവ്വിധത്തിൽ മുസ്‍ലിം സമുദായം രാഷ്ട്രീയ പക്വത കാട്ടേണ്ട സമയമാണ് സമാഗതമായിട്ടുള്ളത്. ഏക സിവിൽ കോഡിനെതിരായ സി.പി.എം യോഗ തീരുമാനങ്ങളെയും ശ്രീ. എം.വി. ഗോവിന്ദന്റെ പ്രസ്താവനയെയും പോസിറ്റീവായി തന്നെ കാണാനാണ് ഇഷ്ടപ്പെടുന്നത്. അതേ സമയം ഏക സിവിൽകോഡിനെ സംശയത്തോടെ കാണാൻ മുസ്ലിം വിഭാഗത്തെ പ്രേരിപ്പിക്കുന്ന ചില പ്രധാനഘടകങ്ങളുണ്ട്. അതു ഇസ്ലാമിക ശരീഅത്തും വ്യക്തി നിയമങ്ങളും ഹനിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടതാണ്. വിവാഹം, വിവാഹ മോചനം, അനന്തര സ്വത്തവകാശ നിയമം, ആൺ - പെൺ സ്വത്തനുപാതങ്ങൾ, തുടങ്ങിയവ അതിൽ പ്രധാനങ്ങളാണ്. ഇവയിലൊക്കെ സി.പി.എമ്മിന്‍റെ നിലവിലെ നിലപാടുകൾ അറിയാൻ താൽപര്യമുണ്ട്. നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതുകൂടി പറഞ്ഞ് കൊണ്ടാവണം ഈ ചേർത്ത് പിടിക്കൽ.
ഇസ് ലാമിക ശരീഅത്തിനെ പരിഹസിച്ച് സിനിമ നടൻ ഷുക്കൂർ വക്കീൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം പുനർ വിവാഹിതനായതു ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. അതിനു കാർമ്മികത്വം വഹിച്ചവരേയും പ്രോത്സാഹിപ്പിച്ചവരേയും നമുക്കറിയാമല്ലൊ. ആറാം നൂറ്റാണ്ടിലെ പ്രാകൃതർ എന്ന മട്ടിലുള്ള ഇടക്കിടെയുള്ള ആക്ഷേപങ്ങൾക്കും ആധാരം ശരീഅത്താണെന്ന് കാണാവുന്നതാണ്.
ഇസ് ലാമിക ശരീഅത്തിനോടും വ്യക്തി നിയമങ്ങളോടും കടുത്ത വിയോജിപ്പ് നിലനിർത്തികൊണ്ടു തന്നെ ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിലേക്ക് മുസ്‍ലിംകളെ ക്ഷണിക്കുന്നത് സദുദ്ദേശപരമാണോ ? ഇന്ത്യൻ മുസ്‍ലിമിനെ സംബന്ധിച്ചിടത്തോളം ഓരോ അണുവിലും അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുകയാണ്. ഇത് അവന്‍റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ധൃതരാഷ്ട്രാലിംഗനവുമായി ദയവു ചെയ്ത് ആരും കടന്നു വരരുത്.