എ.ഐ.സി.സി പ്ലീനത്തിന്‍റെ പരസ്യത്തില്‍ മൗലാന അബുൽ കലാം ആസാദില്ല; കോണ്‍ഗ്രസ് കാരണം വ്യക്തമാക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍
|ഐ. സി. എച്ച്. ആറിന്‍റെ പരസ്യത്തിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ സംഘ് പരിവാർ മനസ് കോൺഗ്രസിനകത്തും സജീവമാണോ ?
കോഴിക്കോട്: എ.ഐ.സി.സി പ്ലീനത്തോടനുബന്ധിച്ച് കോൺഗ്രസ് ഔദ്യോഗികമായി നൽകിയ പരസ്യത്തിൽ മൗലാന അബുൽ കലാം ആസാദിനെ ഒഴിവാക്കിയതിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താര്‍ പന്തല്ലൂര്‍. കോൺഗ്രസ് വിട്ടുപോയ നേതാജിയും അംബേദ്ക്കറും തൊട്ട് ആ പാർട്ടിയെ ഏറെ പിറകോട്ട് നയിച്ച നരസിംഹ റാവു വരെ ഇടം പിടിച്ച പരസ്യത്തിൽ ആസാദില്ലാതെ പോയത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സത്താർ പന്തലൂരിന്‍റെ കുറിപ്പ്
സ്വാതന്ത്ര്യ സമരനായകരുടെ ചിത്രങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു പോരുന്നത് നാളിതുവരെ നാം കണ്ടു ശീലിച്ചത് ഗാന്ധി, നെഹ്റു, പട്ടേൽ, ആസാദ് ശ്രേണിയിലായിരുന്നു. എന്നാൽ എ.ഐ.സി.സി പ്ലീനത്തോടനുബന്ധിച്ച് കോൺഗ്രസ് ഔദ്യോഗികമായി നൽകിയ പരസ്യത്തിൽ മൗലാന അബുൽ കലാം ആസാദ് ഇല്ല. കോൺഗ്രസ് വിട്ടുപോയ നേതാജിയും അംബേദ്ക്കറും തൊട്ട് ആ പാർട്ടിയെ ഏറെ പിറകോട്ട് നയിച്ച നരസിംഹ റാവു വരെ ഇടം പിടിച്ച പരസ്യത്തിൽ ആസാദില്ലാതെ പോയത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് വ്യക്തമാക്കേണ്ടതുണ്ട്.
ഐ. സി. എച്ച്. ആറിന്‍റെ പരസ്യത്തിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ സംഘ് പരിവാർ മനസ് കോൺഗ്രസിനകത്തും സജീവമാണോ ? രാജ്യത്തെ 15 ശതമാനം വരുന്ന മുസ്ലിംകളെ സമ്പൂർണമായി തഴഞ്ഞു മുന്നോട്ട് പോകുന്ന ബി.ജെ.പിക്ക് ബദലാവേണ്ടത് അതേ വഴി സ്വീകരിച്ചാണ് എന്നാണ് കോൺഗ്രസും കരുതി വെച്ചിരിക്കുന്നതെങ്കിൽ അവരോട് സഹതപിക്കുകയല്ലാതെ മറ്റു വഴികളില്ല. കേരളത്തിലെ നീണ്ട നേതൃനിര ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം പ്രസംഗിച്ച് പ്ലീനത്തിൽ സജീവമായിരുന്നു. അവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം മലബാറിലെ ശരാശരി മുസ് ലിം വോട്ടു വിഹിതം 40 ശതമാനവും കേരളമാകെ അതു 30 ശതമാനവുമാണ്. ഉത്തരേന്ത്യൻ മോഡലിൽ അത് 'ഗിഫ്റ്റ് ഫോർ ഗ്രാന്‍റഡ്' അല്ല. ബി.ജെ.പിയല്ലാത്ത ആൾട്ടർനേറ്റീവുകൾ ഉള്ള സംസ്ഥാനമാണ് കേരളം. ഇരിക്കുന്ന കൊമ്പ് മുറിക്കുമ്പോൾ മൗനം പാലിക്കുന്നതിനെ ആത്മഹത്യ എന്നും വിളിക്കാം.