തരൂരിന് താക്കീതുമായി സതീശൻ: വിഭാഗീയത അനുവദിക്കില്ല; സമാന്തര പ്രവർത്തനം വച്ചുപൊറുപ്പിക്കില്ല
|ഇനിയൊരു സമാന്തരപ്രവര്‍ത്തനമോ വിഭാഗീയ പ്രവര്‍ത്തനമോ താങ്ങാനുള്ള ശേഷി കേരളത്തിലെ കോണ്‍ഗ്രസിനില്ല.
വിഭാഗീയതാ ആരോപണങ്ങൾക്കിടെ കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ മലബാറിൽ പര്യടനം തുടരുകയും പാണക്കാടെത്തി ലീഗ് നേതാക്കളെ സന്ദർശിക്കുകയും ചെയ്തതിനു പിന്നാലെ താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസിൽ സമാന്തര പ്രവർത്തനമോ വിഭാഗീയതയോ അനുവദിക്കില്ലെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും സതീശൻ പറഞ്ഞു.
സമാന്തര പ്രവർത്തനം കോൺഗ്രസിൽ ആരെങ്കിലും ചെയ്താൽ കൈകാര്യം ചെയ്യുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാവരേയും ഉൾക്കൊണ്ടാണ് കോൺഗ്രസ് മുന്നോട്ടുപോവുന്നത്. എല്ലാ നേതാക്കള്‍ക്കും സ്‌പേസുണ്ട്. ആരുടേയും സ്പേസ് കവർന്ന് എടുക്കുന്നില്ല. ഒരു തരത്തിലും സമാന്തര പ്രവര്‍ത്തനമോ വിഭാഗീയ പ്രവര്‍ത്തനമോ നടത്താന്‍ അനുവദിക്കില്ല. അത് ആരായാലും.
കാരണം ഇനിയൊരു സമാന്തരപ്രവര്‍ത്തനമോ വിഭാഗീയ പ്രവര്‍ത്തനമോ താങ്ങാനുള്ള ശേഷി കേരളത്തിലെ കോണ്‍ഗ്രസിനില്ല. രണ്ടാമത്തെ പരാജയത്തില്‍ നിന്ന് വീണുപോയ കോണ്‍ഗ്രസിനെയും യുഡിഎഫിനേയും ഞങ്ങളെല്ലാവരും ചേര്‍ന്ന് കഠിനാധ്വാനം ചെയ്ത്, കഷ്ടപ്പെട്ട് കൈപിടിച്ചുയര്‍ത്തിയിരിക്കുകയാണ്- സതീശൻ പറഞ്ഞു.
സമാന്തരപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍. അതില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കാനും ദുര്‍ബലമാക്കാനുള്ള അജണ്ടയാണ്. അത്തരം ഒരു നീക്കവും ഞങ്ങള്‍ സമ്മതിക്കില്ല. മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾ സൂചി കൊണ്ട് കുത്തിയാൽ പൊട്ടുമെന്നും തങ്ങളൊന്നും പൊട്ടില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിലെ ആര്‍ക്കെങ്കിലും ഇതിൽ പങ്കുണ്ടെങ്കില്‍ ഗൗരവമായി അതിനെ കൈകാര്യം ചെയ്യും. നേരിടും. സി.പി.എം പോലെ എല്ലാവരേയും പുറത്താക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. എല്ലാവരോടും പറയും, തെറ്റില്‍ നിന്ന് പിന്മാറാന്‍ അവസരം കൊടുക്കും. എന്നിട്ടും അതുമായി മുന്നോട്ടുപോയാല്‍ അതിനെ വച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ രാവിലെ പാണക്കാടെത്തി മുസ്‍ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എം.കെ രാഘവൻ എം.പിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിഭാഗീയ പ്രവർത്തനമാണ് നടത്തുന്നതെന്ന ആരോപണം നിഷേധിച്ച ശശി തരൂർ കൂടിക്കാഴ്ച ഒരു പുതിയ കാര്യമല്ലെന്നും വ്യക്തമാക്കി.
ഈ കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ല. രണ്ട് യു.ഡി.എഫ് എംപിമാര്‍ ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതില്‍ വലിയ വാര്‍ത്തയുണ്ടാക്കാന്‍ എന്തിരിക്കുന്നു എന്ന് മനസിലാവുന്നില്ല. ചിലര്‍ പറയുന്നു ഇതൊരു വിഭാഗീയകാര്യമാണെന്നും ഗ്രൂപ്പുണ്ടാക്കലിനുള്ള ശ്രമമാണെന്നും. എന്നാൽ ഒരു ഗ്രൂപ്പും ഉണ്ടാക്കാനില്ല. താല്‍പര്യവുമില്ല. യുണൈറ്റഡ് കോണ്‍ഗ്രസ് ആണ് തങ്ങള്‍ക്ക് ആവശ്യമെന്നും തരൂർ വിശദമാക്കിയിരുന്നു.