Kerala
ലോകായുക്ത നിയമഭേദഗതിയിൽ നിന്നും പിന്മാറാൻ നിർദേശിക്കണം: യെച്ചൂരിക്ക് സതീശന്റെ കത്ത്
Kerala

'ലോകായുക്ത നിയമഭേദഗതിയിൽ നിന്നും പിന്മാറാൻ നിർദേശിക്കണം: യെച്ചൂരിക്ക് സതീശന്റെ കത്ത്

Web Desk
|
29 Jan 2022 10:00 AM GMT

ലോകായുക്ത നിയമഭേദഗതിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഭേദഗതിയിൽ നിന്ന് പിൻമാറാൻ കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാറിനോട് നിർദേശിക്കണമെന്ന് വി.ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു. ലോകായുക്ത, ലോക്പാൽ വിഷയങ്ങളിൽ സി.പി.എം സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് ഓർഡിനൻസെന്നും കത്തിൽ പറയുന്നു.

സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഭേദഗതി ഓര്‍ഡിനന്‍സ് ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണ്.

നിയമ ഭേഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേല്‍ ഹിയറിങ് നടത്തി ലോകായുക്തയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നതു മാറ്റി ജഡ്ജി ആയാല്‍ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സര്‍ക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കത്തിൽ പറയുന്നു.

Summary : Satheesan's letter to Yechury

Similar Posts