പൂരം അലങ്കോലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണം: വി.ഡി സതീശൻ
|സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സിപിഎമ്മും ബിജെപിയും ആസൂത്രണം ചെയ്താണ് പൂരം കലക്കിയതെന്ന് സതീശൻ ആരോപിച്ചു.
കൊച്ചി: തൃശൂർ പൂരം കലക്കിയതിൽ എഡിജിപി എം.ആർ അജിത്കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആരോപണവിധേയൻ തന്നെയാണ് അന്വേഷണം നടത്തിയത്. ഇത് അംഗീകരിക്കാനാവില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കമ്മീഷണറാണ് കുഴപ്പമുണ്ടാക്കിയത് എന്ന് സർക്കാർ അന്ന് തന്നെ പറഞ്ഞതാണ്. പിന്നീടാണ് എഡിജിപി അവിടെയുണ്ടായിരുന്നു എന്ന് വ്യക്തമായത്. കമ്മീഷണർക്ക് വീഴ്ച പറ്റിയാൽ എഡിജിപിയും മുഖ്യമന്ത്രിയും നോക്കിനിൽക്കുമോ? ഔദ്യോഗിക ആവശ്യത്തിനല്ലെങ്കിൽ എഡിജിപി എന്തിനാണ് തൃശൂരിൽ ക്യാമ്പ് ചെയ്തത്? പൊലീസിന്റെ ഭാഗത്തുനിന്ന് പ്രശ്‌നമുണ്ടാവുമ്പോൾ അവിടെ ക്യാമ്പ് ചെയ്ത എഡിജിപി എന്തുകൊണ്ടാണ് ഇടപെടാതിരുന്നത്? പൂരം കലക്കിയതിൽ ഒരു അന്വേഷണവും നടന്നിട്ടില്ല. റിപ്പോർട്ട് ഇന്നലെ തട്ടിക്കൂട്ടി ഉണ്ടാക്കിയതാണെന്നും സതീശൻ ആരോപിച്ചു.
ബിജെപിയെ ജയിപ്പിക്കാനുള്ള കൃത്യമായ ഗൂഢാലോചനയാണ് നടന്നത്. കേരളത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ പൂരത്തിൽ പ്രശ്‌നമുണ്ടായിട്ട് എന്തുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷിക്കാതിരുന്നത്? ഇത് എല്ലാവരും ചേർന്നുള്ള കളിയാണ്. തൃശൂരിൽ കോൺഗ്രസിന്റെ വോട്ട് എൽഡിഎഫ് സ്ഥാനാർഥിക്കാണ് പോയത്. ഇടത് വോട്ടുകൾ എവിടേക്കാണ് പോയതെന്ന് എൽഡിഎഫ് സ്ഥാനാർഥിയോട് ചോദിച്ചാൽ പറഞ്ഞുതരുമെന്നും സതീശൻ പറഞ്ഞു.