'ഗൂഢപദ്ധതികൾ തിരിച്ചറിയണം': മുസ്‌ലിം സംവരണം കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവിനെതിരെ സത്താർ പന്തല്ലൂർ
|''സാമൂഹ്യനീതി യാഥാർത്ഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കേണ്ടതുണ്ട്. പക്ഷെ അത് പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൻ്റെ അവകാശങ്ങളിൽ കയ്യിട്ട് വാരിയിട്ടാകരുത്''
കോഴിക്കോട്: സാമൂഹ്യനീതി യാഥാർത്ഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കേണ്ടത് പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൻ്റെ അവകാശങ്ങളിൽ കയ്യിട്ട് വാരിയിട്ടാകരുതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ.
മുസ്‌ലിം സംവരണം കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവ് വിവാദമായതിന്റെ പശ്ചാതലത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
2016ൽ നിലവിൽ വന്ന ഭിന്നശേഷി നിയമമനുസരിച്ച് അവർക്ക് സർക്കാർ ജോലികളിൽ 4% സംവരണം നിശ്ചയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഔട്ട് ഓഫ് ടേൺ ആയിട്ടാണ് ഇത് നിർണയിച്ചത്. അതിലെ അപാകത ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ 2019ൽ ഇറങ്ങിയ ഉത്തരവിൽ 2% ഓപ്പൺ ക്വാട്ടയിൽ നിന്നും 2% മുസ് ലിം ക്വാട്ടയിൽ നിന്നുമെടുത്തു. ടി.വി ഇബ്രാഹീം എം.എൽ.എ നിയമസഭയിൽ ഇത് ചൂണ്ടിക്കാണിച്ചപ്പോൾ പരിഹരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ പുതിയ ഉത്തരവ് വന്നപ്പോൾ 2% മുസ് ലിം സംവരണം - മുസ് ലിം ടേൺ - തന്നെയാണ് ഭിന്നശേഷി വിഭാഗത്തിന് നീക്കിവെച്ചിരിക്കുന്നത്- സത്താർ പന്തല്ലൂർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സംവരണം പുനർനിർണയിക്കണമെന്ന കോടതി വിധി നടപ്പാക്കാനാവില്ല. ജാതി സെൻസസ് നടത്താനാവില്ല. . ഇത്തരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാൽ അതിൻ്റെ സങ്കീർണത വിശദീകരിക്കാൻ ഭരണകൂടം മിടുക്കരാണ്. ഇതിലൂടെ പ്രാതിനിധ്യാവകാശം നേടിയവരേയും നേടാത്തവരേയും തിരിച്ചറിയും. കയ്യടക്കി വെച്ചവരും വെട്ടിപ്പിടിച്ചവരും ആരെന്ന് പുറം ലോകമറിയും.
മുസ് ലിംകൾക്ക് മാത്രമായി സച്ചാർകമ്മിറ്റി നിർദ്ദേശിച്ച പദ്ധതികൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി മാറി. അതിലെ ന്യൂനപക്ഷ സ്കോളർഷിപ്പികൾ വിണ്ടും വീതം വെച്ചു. ഇപ്പോൾ മുസ് ലിംകൾക്ക് നാമമാത്രമായി മാത്രം ലഭിക്കുന്ന സ്കോളർഷിപ്പായി അത് മാറി.
പ്രീമെട്രിക് സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ നിർത്തിവെക്കാൻ തീരുമാനിച്ചപ്പോൾ സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് നൽകുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അതിൻ്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ മുസ് ലിം, കൃസ്ത്യൻ വിഭാഗങ്ങളെ അതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഇവ്വിഷയത്തിൽ ന്യൂനപക്ഷ വകുപ്പ്, ധനകാര്യ വകുപ്പിന് പ്രൊപ്പോസൽ കൊടുത്തപ്പോൾ അവർ അത് പരിഗണിച്ചില്ലത്രേ. അതിലപ്പുറം അതിന് വിശദീകരണമൊന്നും ഇത് വരെ വന്നിട്ടുമില്ല.
2016ൽ നിലവിൽ വന്ന ഭിന്നശേഷി നിയമമനുസരിച്ച് അവർക്ക് സർക്കാർ ജോലികളിൽ 4% സംവരണം നിശ്ചയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഔട്ട് ഓഫ് ടേൺ ആയിട്ടാണ് ഇത് നിർണയിച്ചത്. അതിലെ അപാകത ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ 2019 ൽ ഇറങ്ങിയ ഉത്തരവിൽ 2% ഓപ്പൺ ക്വാട്ടയിൽ നിന്നും 2% മുസ് ലിം ക്വാട്ടയിൽ നിന്നുമെടുത്തു. ടി.വി ഇബ്രാഹീം എം.എൽ.എ നിയമസഭയിൽ ഇത് ചൂണ്ടിക്കാണിച്ചപ്പോൾ പരിഹരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ പുതിയ ഉത്തരവ് വന്നപ്പോൾ 2% മുസ് ലിം സംവരണം - മുസ് ലിം ടേൺ - തന്നെയാണ് ഭിന്നശേഷി വിഭാഗത്തിന് നീക്കിവെച്ചിരിക്കുന്നത്.
സാമൂഹ്യനീതി യാഥാർത്ഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കേണ്ടതുണ്ട്. പക്ഷെ അത് പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൻ്റെ അവകാശങ്ങളിൽ കയ്യിട്ട് വാരിയിട്ടാകരുത്. യാതൊരു മാനദണ്ഡവുമില്ലാതെ കൂടുതൽ സംവരണ തോത് കൈവശപ്പെടുത്തിയവർ സുരക്ഷിതമായിരിക്കുകയും ഇന്നും സംവരണാവകാശങ്ങൾക്ക് വേണ്ടി വിലപിക്കുന്നവരെ വീണ്ടും വീണ്ടും പിറകിലേക്ക് തള്ളിവിടുന്ന ഈ നിലപാട് സാമൂഹ്യ ദ്രോഹമാണ്. മുസ് ലിം സമുദായത്തെ ഉന്നംവെച്ച് നടത്തി കൊണ്ടിരിക്കുന്ന ഇത്തരം ഗൂഢ പദ്ധതികൾ തിരിച്ചറിയാനും പ്രതികരിക്കാനും നാം തയ്യാറാവണം. ഉദ്യോഗസ്ഥ മേഖലയേയും മുഖ്യധാരാ പാർടികളേയും ഒരു പോലെ നിയന്ത്രിക്കുന്ന സവർണലോബിക്ക് വിധേയപ്പെടാത്തവരിൽ നിന്നും ഇടപെടൽ പ്രതീക്ഷിക്കുന്നു.