സിറോ മലബാർ സഭ നേതൃത്വത്തിനെതിരെ 'സത്യദീപം'
|ബിഷപ്പ് ആന്റണി കരിയലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് സഭക്ക് മുറിവേൽപ്പിച്ചു. ഭൂമി വിവാദത്തിലൂടെ സഭയിൽ ആദ്യമുറിവുണ്ടായെന്നും സത്യദീപം മുഖ പ്രസംഗത്തിലൂടെ പറയുന്നു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയിലും കുര്‍ബാന ഏകീകരണത്തിന്റെ പേരിലുണ്ടായ അനൈക്യത്തിലും സിറോ മലബാര്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് അതിരൂപത മുഖപത്രമായ 'സത്യദീപം'. ബിഷപ്പ് ആന്റണി കരിയലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് സഭക്ക് മുറിവേൽപ്പിച്ചു. ഭൂമി വിവാദത്തിലൂടെ സഭയിൽ ആദ്യമുറിവുണ്ടായെന്നും സത്യദീപം മുഖ പ്രസംഗത്തിലൂടെ പറയുന്നു.
നീതിയുടെ രക്തസാക്ഷിത്വം സഭയെ മുറിവേൽപ്പിച്ചു. ആദ്യമുറിവിനെ അഭിസംബോധന ചെയ്യാതെ ഐക്യത്തിനായി കുർബാനയിലൂടെ ഐക്യരൂപം അടിച്ചേൽപ്പിച്ചു. എല്ലാം ഒരുപോലെയാക്കാനുളള ശ്രമത്തിൽ ഒന്നാകാൻ മറന്നുപോയ സഭക്ക് ക്രിസ്തുവും കാലവും മാപ്പുകൊടുക്കുമോയെന്നും സത്യദീപം പറയുന്നു.
'എല്ലാവരേയും കേള്‍ക്കണം' എന്ന ആഹ്വാനമാണ് സിനഡാത്മകതയുടെ ആത്മാവ്. ഭൂമി വില്പന വിവാദ വിഷയത്തില്‍ ഈ ശ്രവണം സാര്‍വ്വത്രികമായി സുതാര്യമാകാതിരുന്നതിന്റെ അനീതി തന്നെയാണ് പിന്നീട് സഭയെ അനൈക്യത്തിലേക്ക് നയിച്ചത്. അനീതിയുടെ ഈ ആദ്യ മുറിവിനെ അഭിസംബോധന ചെയ്യാതെയാണ് 'ഐക്യ'ത്തിനായുള്ള ഐക്യരൂപങ്ങള്‍ ആരംഭിച്ചതും. അതാണിപ്പോള്‍ വിഭാഗീയതയുടെ വലിയ വൃണമായി സമൂഹത്തില്‍ ദുര്‍ഗന്ധം പരത്തുന്നതും. മുഖ പ്രസംഗത്തിൽ പറയുന്നു.