'പിണറായി സർക്കാരിന്റേത് ചർച്ച വേണ്ടാത്ത മാവോ ലൈൻ'; സർക്കാരിനെതിരെ വിമർശനവുമായി സത്യദീപം
|സൈബർ ചാവേറുകളുടെ പ്രതിരോധബലത്തിൽ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമാണെന്ന് സത്യദീപം
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. പിണറായി സർക്കാരിന്റേത് ചർച്ച വേണ്ടാത്ത മാവോ ലൈൻ ആണെന്നായിരുന്നു സത്യദീപത്തിന്റെ എഡിറ്റോറിയല്‍.
കേരളത്തിന്റെ വികസന മുരടിപ്പിന് കെ-റെയില്‍ മാത്രമാണ് ഏക പരിഹാരമെന്ന് മുഖ്യമന്ത്രിയും പാർട്ടിയും ആവർത്തിക്കുകയും പാവപ്പെട്ടവരുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി തറയ്ക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ഇത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷവും പറയുമ്പോള്‍, മനസ്സിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന 'മാവോ' ലൈനിലാണ് സര്‍ക്കാര്‍. സത്യദീപം വിമര്‍ശിച്ചു.
പിണറായിക്ക് കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ എന്തവകാശമെന്ന് ചോദിച്ച സത്യദീപം അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗ്ഗമാക്കുന്നത് ഫാസിസ്റ്റ് തന്ത്രമാണെന്നും വിമര്‍ശിച്ചു. നേരത്തെ ഏക പാര്‍ട്ടി രാഷ്ട്രമായിരുന്ന ചൈന ഇപ്പോള്‍ ഏക വ്യക്തി രാഷ്ട്രമായി മാറിയിരിക്കുന്നു.ഈ മധുര മനോജ്ഞ ചൈനയെ കണ്ടുപഠിക്കാനാണ് ഈയിടെ കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന സൈദ്ധാന്തികന്‍ പാര്‍ട്ടി സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി സെക്രട്ടറി അതാവര്‍ത്തിക്കുകയും ചെയ്തു. സത്യദീപം വിമര്‍ശിച്ചു.
സൈബര്‍ ചാവേറുകളുടെ പ്രതിരോധബലത്തില്‍ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമാണെന്നും പദ്ധതി നടപ്പിലാക്കും മുൻപ് സംഭാഷണങ്ങളിലൂടെ വെളിച്ചപ്പെടാനുള്ള സന്മനസ്സുണ്ടാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രശ്നം കെ-റെയില്‍ പദ്ധതി മാത്രമല്ല. അത് വന്ന വഴിയുടെ കൂടിയാണ്. ചര്‍ച്ചകളെ ഒഴിവാക്കി, എതിര്‍സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തില്‍ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി തറച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ മറുപടി. തത്വത്തിലുള്ള അംഗീകാരം ഭൂമി ഏറ്റെടുക്കലിനുള്ള അനുമതിയല്ലെന്നാണ് കേന്ദ്ര നിലപാട്. സത്യദീപം വിമര്‍ശിച്ചു