'മന്ത്രി ആർ.ബിന്ദു പറഞ്ഞത് കള്ളം'; കേരളവർമ കോളജിൽ പ്രിൻസിപ്പൽ ചുമതല വഹിച്ചെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ
|കള്ളം പറഞ്ഞ മന്ത്രി മാപ്പ് പറയണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ. പ്രിൻസിപ്പലായി ചുമതല അനുഷ്ഠിച്ചിട്ടില്ല എന്ന മന്ത്രിയുടെ വാദം കള്ളമാണെന്നാണ് ആരോപണം. കേരളവർമ്മ കോളജിൽ പ്രിൻസിപ്പൽ ഇൻചാർജ് ആയി മന്ത്രി പ്രവർത്തിച്ചിരുന്നു. കോളജിന്റെ പ്രിൻസിപ്പൽ പട്ടികയിൽ മന്ത്രിയുടെ പേരും ഉണ്ട്. കള്ളം പറഞ്ഞ മന്ത്രി മാപ്പ് പറയണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ആവശ്യപ്പെട്ടു.
മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ജയദേവൻ രാജിവെച്ച പശ്ചാത്തലത്തിലാണ് വൈസ് പ്രിൻസിപ്പലായിരുന്ന ആർ.ബിന്ദു പ്രിൻസിപ്പൽ ഇൻചാർജ് ആയി ചുമതലയേറ്റത്. 2020 നവംബർ 13 മുതൽ 2021 മാർച്ച് 10വരെയുള്ള കാലയളവിൽ ബിന്ദു പ്രിൻസിപ്പലായി പ്രവർത്തിച്ചുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നത്. കോളജിന്റെ വെബ്സൈറ്റിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കാതെയാണ് ആർ ബിന്ദുവിനെ നിയമിച്ചതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു.
താത്കാലിക പ്രിൻസിപ്പലായി ജോലി ചെയ്തിരുന്ന മന്ത്രി ആർ ബിന്ദു തന്നെ പ്രിൻസിപ്പൽ നിയമനം വൈകുപ്പിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു താൻ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചത്. കള്ളം പറഞ്ഞതിൽ മന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന ആവശ്യവും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നു.