Kerala
Fast start tomorrow in Kerala, breaking news malayalam
Kerala

ചന്ദ്രപ്പിറവി കണ്ടു; കേരളത്തില്‍ റമദാൻ വ്രതാരംഭം നാളെ

Web Desk
|
22 March 2023 1:17 PM GMT

സമൂഹ നോമ്പുതുറയും ദാന ധർമങ്ങളുമായി ഉദാരതയുടെ മാസമായാണ് മുസ്‌ലിംകൾ റമദാനെ കാണുന്നത്

കോഴിക്കോട്: ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാടും തമിഴ്‌നാട്‌ കുളച്ചലിലുമാണ് മാസപ്പിറവി കണ്ടത്. കാപ്പാട് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ, സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഖലീലുൽ ബുഖാരി തങ്ങൾ എന്നിവർ പ്രഖ്യാപിച്ചു. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും നാളെ റമദാൻ ഒന്നായി പ്രഖ്യാപിച്ചു. ദക്ഷിണ കേരള ജഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മാസപ്പിറവി സ്ഥിരീകരിച്ചു.

ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. സമൂഹ നോമ്പുതുറയും ദാന ധർമങ്ങളുമായി ഉദാരതയുടെ മാസമായാണ് മുസ്‌ലിംകൾ റമദാനെ കാണുന്നത്.

പുണ്യങ്ങളുടെ പൂക്കാലമെന്നാണ് റമദാൻ അറിയപ്പെടുന്നത്. പകൽ ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചും രാത്രിയിൽ സമൂഹ നമസ്‌കാരവും പ്രാർഥനയുമായി കഴിച്ചു കൂട്ടിയും ഒരു മാസക്കാലം. പ്രാർഥനകളും സദ്ചര്യകളുമായി വിശ്വാസിയുടെ സമ്പൂർണ സംസ്‌കരണമാണ് നോമ്പിലൂടെ നടക്കുന്നത്.

Similar Posts