'ലീഗ്-സമസ്ത ഹൃദയബന്ധത്തെക്കുറിച്ച് സിപിഎമ്മിന് ഇനിയുമേറെ പഠിക്കാനുണ്ട്'; സാദിഖലി ശിഹാബ് തങ്ങൾ
|സി.പി.എം വിതയ്ക്കുന്നത് ബി.ജെ.പിയാണ് കൊയ്യുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ ആരോപിച്ചു.
കോഴിക്കോട്: ഇത്തവണ തെരഞ്ഞെടുപ്പിൽ സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാനാണ് പൊന്നാനിയില്‍ സി.പി.എം. ശ്രമിച്ചതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സമുദായത്തിലെ സംഘടനകളുടെ പൊതു പ്ലാറ്റ്‌ഫോമാണ് മുസ്‌ലിം ലീഗ്. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിലധിഷ്ടിതമായ മതനിരാസ അടിത്തറയുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് സമസ്തയെ ശിഥിലമാക്കാന്‍ മോഹമുണ്ടാവാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തങ്ങളുടെ വിമര്‍ശനം.
മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സി.പി.എമ്മുകാര്‍ ഇനുയുമേറെ പഠിക്കാനുണ്ട്. സി.പി.എം നടത്തുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണം ബി.ജെ.പിക്ക് സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് ശരിയായി രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ പുറത്തെടുക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണ്. കോഴിക്കോട്ട് എം.കെ. രാഘവനെതിരെ കരീംക്കയായും വടകരയില്‍ ഷാഫി പറമ്പിലിനെതിരെ വ്യാജകാഫിര്‍ സ്‌ക്രീന്‍ഷോട്ടായും വന്നത് ഉദാഹരണങ്ങൾ മാത്രം. സി.പി.എം. കേരളത്തില്‍ നടത്തുന്ന മുസ്‌ലിം വിരുദ്ധപ്രചാരണങ്ങള്‍ ബി.ജെ.പിക്ക് സഹായമായി. സി.പി.എം. വിതയ്ക്കുന്നത് ബി.ജെ.പിയാണ് കൊയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏകസിവില്‍ കോഡ്, സവര്‍ണ സാമ്പത്തിക സംവരണം, മുത്തലാഖ് നിരോധനം, ലൗ ജിഹാദ് എന്നിവ ആദ്യം ഉന്നയിച്ചത് സി.പി.എമ്മാണ്. കേരളത്തില്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിച്ചതും മുസ് ലിം സംവരണം വെട്ടിക്കുറച്ചതും സി.പി.എം സര്‍ക്കാരുകളാണ്. ഇസ്‌ലാമോഫോബിയയാണ് പിണറായി പൊലീസ് മുഖമുദ്രയെന്ന് ഘടകകക്ഷിയായ സി.പി.ഐ പോലും ആരോപിച്ചു.
ഇന്ത്യയുടെ ആത്മാവ് മതേതരവും ജനാധിപത്യത്തിലധിഷ്ടിതമായ സഹനസാമീപ്യവുമാണ്. സ്‌നേഹപൊയ്കയില്‍ വിഷം കലക്കുന്നവര്‍ക്ക് വൈകാതെ വാളെടുത്തവന്‍ വാളാല്‍ എന്ന അവസ്ഥയുണ്ടാകുമെന്നും ബി.ജെ.പിയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.