'ഏതൊക്കെ രൂപത്തിൽ ജാതി വിവേചനത്തെ ന്യായീകരിക്കാൻ ശ്രമിച്ചാലും പ്രബുദ്ധ കേരളം അംഗീകരിക്കില്ല'; അടൂരിനെതിരെ എസ്.സി, എസ്.ടി കമ്മീഷൻ അംഗം എസ്.അജയകുമാർ
|'കടുത്ത ജാതി വിവേചനവും സാമൂഹ്യ വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തിൽ നിന്നും ഉയർന്നുവന്ന മഹാനായ നേതാവ് കെ.ആർ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല'
കോട്ടയം: ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്തതും രാജ്യത്തെ ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും എതിരായ സംഭവങ്ങളാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നതെന്ന് എസ്.സി, എസ്.ടി കമ്മീഷൻ അംഗവും പി.കെ.എസ് നേതാവുമായ എസ്.അജയകുമാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അജയകുമാർ ചെയര്മാനായ അടൂര് ഗോപാലകൃഷ്ണനെതിരെ ആഞ്ഞടിച്ചത്.
''ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ പ്രൊഫസർമാരും അധ്യാപകേതര ജീവനക്കാരും താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിലോ, ദിവസവേതനാടിസ്ഥാനത്തിലോ നിയമിക്കപ്പെട്ടവരാണ്. ഫിനാൻസ് ഓഫീസർ മാത്രമാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ വന്നിട്ടുള്ളത്. താത്കാലിക നിയമനം ആയതിനാൽ പിരിച്ചുവിടൽ ഭീഷണി എപ്പോഴും നിലനിൽക്കുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ഡയറക്ടർ എല്ലാവരെക്കൊണ്ടും നിയമവിരുദ്ധമായി ജോലി ചെയ്യിക്കുയും ഇഷ്ടമില്ലാത്തവരുടെ കരാർ വ്യവസ്ഥകൾ മതിയായ കാരണമില്ലാതെ ഏകപക്ഷീയമായി തിരുത്തി കാലാവധി കുറയ്ക്കുകയും മറ്റും ചെയ്യുന്നു. കൂടാതെ സ്ത്രീ ജീവനക്കാരെക്കൊണ്ട് ഡയറക്ടർ വീട്ടുജോലിയും വീടുവൃത്തിയാക്കലും കക്കൂസ് കഴുകിക്കലും അടക്കം അടിമവേല ചെയ്യിക്കുന്നു എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്.
കടുത്ത ജാതി വിവേചനവും സാമൂഹ്യ വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തിൽ നിന്നും ഉയർന്നുവന്ന മഹാനായ നേതാവ് കെ.ആർ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. അവിടെ ഇരുന്നുകൊണ്ടാണ് അടൂർ ഗോപാലകൃഷ്ണൻ തികച്ചും ധാർഷ്ട്യത്തോടെ, സവർണ മനോഭാവത്തോടെയുള്ള പ്രസ്താവനകൾ ഇറക്കുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ പുരോഗമന കേരളം ശക്തമായി തന്നെ പ്രതികരിക്കും . ആരൊക്കെ ഏതൊക്കെ രൂപത്തിൽ ജാതി വിവേചനത്തെ ന്യായികരിക്കാൻ ശ്രമിച്ചാലും അത് പ്രബുദ്ധ കേരളം അംഗീകരിക്കില്ല''.
സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം സ്വാഗതാർഹമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.ഇൻസ്റ്റിറ്റ്യൂട്ട് ഭരണാധികാരികൾ ഇനിയെങ്കിലും തെറ്റുകൾ തിരുത്താൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.അജയകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം....
കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്തതും രാജ്യത്തെ ഭരണ ഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും എതിരായ സംഭവങ്ങളാണ് നടക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാന്റെയും ഡയറക്ടറുടെയും പരസ്യ പ്രസ്താവനകൾ തെളിയിക്കുന്നത് അവർ വിദ്യാർത്ഥി പ്രവേശനത്തിൽ സംവരണം ഏർപ്പെടുത്തിയിട്ടുള്ളതിന് എതിരാണെന്നാണ്. ശേഷിയുള്ള വിദ്യാർത്ഥികളുടെ അവസരത്തെ സംവരണം ഇല്ലാതാക്കുന്നു എന്ന നിലപാടാണവർക്കുള്ളത്. എന്നാൽ ഒരു സർക്കാർ സ്ഥാപനമെന്ന നിലയിൽ സംവരണ തത്വം പാലിക്കാനും നടപ്പാക്കാനും ഇൻസ്റ്റിറ്റ്യൂട്ട് അധികാരികൾ നിയമപരമായി തന്നെ ബാധ്യസ്ഥരാണെന്നിരിക്കെ സംവരണ മാനദണ്ഡം ലംഘിച്ചാണ് ഈ വർഷത്തെ (2022) പ്രവേശനം നൽകിയിരിക്കുന്നത്.
എല്ലാ ഡിപ്പാർട്ടുമെന്റു പ്രവേശനത്തിലും ഈ ലംഘനം നടന്നിട്ടുണ്ട്. ഡയറക്ഷൻ കോഴ്സ് / ഡിപ്പാർട്ടുമെന്റ് പ്രവേശനം ലഭിച്ച 10 വിദ്യാർത്ഥികളിൽ ആരും തന്നെ സംവരണ വിഭാഗത്തിൽപ്പെട്ടവരല്ല എന്നാണറിയുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ പ്രൊഫസർമാരും അദ്ധ്യാപകേതര ജീവനക്കാരും താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിലോ ദിവസവേതനാടിസ്ഥാനത്തിലോ നിയമിക്കപ്പെട്ടവരാണ്. ഫിനാൻസ് ഓഫീസർ മാത്രമാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ വന്നിട്ടുള്ളത്. താത്കാലിക നിയമനം ആയതിനാൽ പിരിച്ചുവിടൽ ഭീഷണി എപ്പോഴും നിലനിൽക്കുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ഡയറക്ടർ എല്ലാവരെക്കൊണ്ടും നിയമവിരുദ്ധമായി ജോലി ചെയ്യിക്കുകയും ഇഷ്ടമില്ലാത്തവരുടെ കരാർ വ്യവസ്ഥകൾ മതിയായ കാരണമില്ലാതെ ഏകപക്ഷീയമായി തിരുത്തി കാലാവധി കുറയ്ക്കുകയും മറ്റും ചെയ്യുന്നു. കൂടാതെ സ്ത്രീ ജീവനക്കാരെക്കൊണ്ട് ഡയറക്ടർ വീട്ടുജോലിയും വീടുവൃത്തിയാക്കലും കക്കൂസ് കഴുകിക്കലും അടക്കം അടിമവേല ചെയ്യിക്കുന്നു എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്.
2019-ൽ ശ്രീ ശങ്കർ മൊഹൻ ഡയറക്ടറായി വന്നതിനുശേഷം നിയമിക്കപ്പെട്ട അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി നിരവധി ആക്ഷേപങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അത് അന്വേഷണ വിധേയമാക്കേണ്ടതാണ്. കടുത്ത ജാതി വിവേചനവും സാമൂഹ്യ വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തിൽ നിന്നും ഉയർന്നുവന്ന മഹാനായ നേതാവ് ശ്രീ കെ ആർ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. അവിടെ ഇരുന്നുകൊണ്ടാണ് അടൂർ ഗോപാലകൃഷ്ണൻ തികച്ചും ധാർഷ്ട്യത്തോടെ,സവർണ മനോഭാവത്തോടെയുള്ള പ്രസ്താവനകൾ ഇറക്കുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ പുരോഗമന കേരളം ശക്തമായി തന്നെ പ്രതികരിക്കും . ആരൊക്കെ ഏതൊക്കെ രൂപത്തിൽ ജാതി വിവേചനത്തെ ന്യായികരിക്കാൻ ശ്രമിച്ചാലും അത് പ്രബുദ്ധ കേരളം അംഗീകരിക്കില്ല. സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം സ്വാഗതാർഹമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഭരണാധികാരികൾ ഇനിയെങ്കിലും തെറ്റുകൾ തിരുത്താൻ തയ്യാറാവണം.