നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് സുപ്രിംകോടതി നോട്ടീസ്
|കേസിൽ പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന് സുപ്രിംകോടതി നോട്ടീസ്. വർഷങ്ങളായി ജാമ്യാപേക്ഷ സമർപ്പിച്ചുകൊണ്ടിരുന്ന പൾസർ സുനി ഹൈക്കോടതിയിൽ നിന്നും അനുകൂല ജാമ്യം ലഭിക്കാതെ വന്നതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച സുപ്രിംകോടതി, ആഗസ്റ്റ് 27ന് മുമ്പ് പൾസർ സുനിയുടെ കാര്യത്തിലുള്ള മറുപടി സത്യവാങ്മൂലം സമർപ്പിക്കണം എന്ന് സംസ്ഥാനത്തിനയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. കേസിൽ പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നതെന്ന് അഭിഭാഷകരായ പരമേശ്വറും ശ്രീറാം പറക്കാടും ചൂണ്ടിക്കാട്ടി.
ദിലീപ് ഉൾപ്പെടെയുള്ള മറ്റു പ്രതികൾ പുറത്താണ്. 2017 മുതൽ ഒരിക്കൽപ്പോലും ജാമ്യം ലഭിച്ചിട്ടില്ല. ഇത് എന്തുതരം സമീപനമാണെന്നും അഭിഭാഷകർ ചോദിച്ചു. ഇതേ ചോദ്യം തന്നെ സുപ്രിംകോടതി ഹൈക്കോടതിയോട് ചോദിച്ചു. ഹൈക്കോടതിയുടേത് എന്തുതരം സമീപനം ആണെന്ന് ചോദിച്ച സുപ്രിംകോടതി, നിരന്തരമായി ജാമ്യാപേക്ഷ സമർപ്പിച്ചുവെന്ന കുറ്റത്തിന് ചുമത്തിയ പിഴ സ്റ്റേ ചെയ്യുകയും ചെയ്തു. കേസ് 27ന് വീണ്ടും പരിഗണിക്കും.