Kerala
SC orders reinvestigation in evidence tampering case against Antony Raju
Kerala

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ പുനരന്വേഷണം

Web Desk
|
20 Nov 2024 5:24 AM GMT

ആന്റണി രാജു വിചാരണ നേരിടണം, ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമന്ന് കോടതി

ന്യൂഡൽഹി: തൊണ്ടി മുതൽ അട്ടിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. പുനരന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം.

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവേ കോടതിയിൽ നിന്ന് ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടി എന്നായിരുന്നു ആന്റണി രാജുവിനെതിരായ കേസ്. ലഹരിക്കേസിലെ പ്രധാന തൊണ്ടിമുതലായിരുന്ന അടിവസ്ത്രം മാറ്റി സ്ഥാപിച്ചു എന്ന കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. രാജു കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു സുപ്രിംകോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം.

കേസിൽ നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം നടത്താമെന്ന് നേരത്തേ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ആന്റണി രാജു സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ സുപ്രിംകോടി വിധിയുണ്ടായിരിക്കുന്നത്. ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന വാദം കോടതി തള്ളി. വർഷങ്ങളായി കേസിന് പുറകെ ആണ് താനെന്നും വ്യവസ്ഥയിൽ ശുദ്ധി ഉറപ്പാക്കാൻ തനിക്കെതിരെ അന്വേഷണം പാടില്ലെന്നും ആന്റണി രാജു ഹരജിയിൽ പറഞ്ഞിരുന്നു.

1990 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷപെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി ആന്റണി രാജു മറ്റൊന്ന് വെച്ചുവെന്നാണ് കേസ്. കേസിൽ കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി.

അതേസമയം അപ്പീൽ തള്ളിയതിൽ ആശങ്കയില്ലെന്നാണ് ആന്റണി രാജുവിന്റെ പ്രതികരണം. വിചാരണ നേരിടുമെന്നും അന്തിമ വിജയം തനിക്കായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ കള്ളക്കേസാണിതെന്നാണ് എംഎൽഎയുടെ വാദം.

Similar Posts