Kerala
siddique kappan
Kerala

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ്

Web Desk
|
4 Nov 2024 6:58 AM GMT

എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ ഇളവ് ചെയ്തു

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രിം കോടതി. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയാണ് ഇളവ് ചെയ്തത്. ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്ന് സിദ്ദീഖ് കാപ്പന് വേണ്ടി അഭിഭാഷകനായ അസർ അസീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം കാപ്പന്‍റെ മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കാനാവില്ലെന്ന് യുപി പൊലീസ് അറിയിച്ചു.

2020 ഒക്ടോബർ അഞ്ചിനാണ് കാപ്പൻ അറസ്റ്റിലാകുന്നത്. ഹാഥ്‌റസിലെ ബലാത്സംഗക്കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നുന്നതിനിടെ മധുര ടോൾ പ്ലാസയിൽ വച്ചാണ് കാപ്പൻ അറസ്റ്റിലാകുന്നത്. കാറിൽ ഒപ്പം സഞ്ചരിച്ചവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആണെന്നും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായ കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യാഖ്യാനിച്ചു.

പിഎഫ്ഐ യുടെ മുഖപത്രമായിരുന്ന തേജസിന്‍റെ ഡൽഹി മുൻ ലേഖകൻ കൂടിയായിരുന്നു സിദ്ദിഖ് കാപ്പൻ. വർഗീയ കലാപമുണ്ടാക്കലും സൗഹൃദ അന്തരീക്ഷം തകർക്കലും ഗൂഢാലോചനയും ചേർത്ത് യുഎപിഎ ചുമത്തി. അമ്പതിനായിരത്തിൽ താഴെ രൂപ മാത്രമാണ് കാപ്പന്റെ അക്കൗണ്ടിൽ അവശേഷിച്ചെങ്കിലും അനധികൃതമായി പണമെത്തിയെന്നു ആരോപിച്ചു ഇഡി കേസെടുക്കുകയായിരുന്നു.

യുഎപിഎ കേസിൽ സെപ്തംബർ 9ന് സുപ്രിം കോടതിയും ഇഡികേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഡിസംബർ 23നുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2നാണ് കാപ്പന്‍ ജയില്‍മോചിതനാകുന്നത്.



Similar Posts