'കുഴികുത്തി കഞ്ഞി കൊടുക്കല്‍' പരാമർശം; നടന്‍ കൃഷ്ണകുമാറിനെതിരെ കേസെടുത്ത് പട്ടികജാതി- വർഗ കമ്മീഷൻ
|ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
കൊച്ചി: അയിത്താചാരമായ കുഴികുത്തി കഞ്ഞി കൊടുക്കലിനെ പുകഴ്ത്തുന്ന പരാമർശം നടത്തിയ ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി- വർഗ കമ്മീഷൻ കേസെടുത്തു. ദിശ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ദിനു വെയിൽ നൽകിയ പരാതിയിലാണ് നടപടി.
സംഭവത്തിൽ എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ജാതീയതയെയും അയിത്താചരണത്തേയും ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് ദിനു വെയിൽ പരാതി നൽകിയത്.
അയിത്താചാരമായ കുഴികുത്തി കഞ്ഞി കൊടുക്കുക എന്ന കുറ്റകൃത്യത്തെ ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നതാണ് കൃഷ്ണകുമാറിന്റെ പരാമർശങ്ങളെന്നും ജാതീയവും മനുഷ്യത്വ വിരുദ്ധവുമാണ് അവയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൃഷ്ണകുമാറിനെതിരെ സാമൂഹ്യപ്രവര്‍ത്തക ധന്യാ രാമൻ പൊലീസിലും പരാതി നൽകിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ധന്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴികുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന ജന്മിത്വ- സവർണ സമ്പ്രാദയത്തെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന കൃഷ്ണകുമാറിന്‍റെ വീഡിയോയാണ് വിവാദമായത്.
പണ്ട് തന്റെ വീട്ടിൽ പണിക്കു വരുന്ന ആളുകൾക്ക് പറമ്പിൽ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നു എന്നും പ്ലാവില ഉപയോഗിച്ച് അവർ ആ കഞ്ഞി കുടിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും എന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പരാമർശം. ഇതിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയർന്നത്.
കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധുവിന്‍റെ യുട്യൂബ് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് കൃഷ്ണകുമാറിന്‍റെ ജാതീയത തുറന്നുകാട്ടുന്ന പരാമര്‍ശമുള്ളത്. കൊച്ചി മാരിയറ്റില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മകളാണെന്നാണ് കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നത്.
കൃഷ്ണകുമാറിന്റെ പരാമർശം- 'ഞങ്ങള്‍ തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോള്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോള്‍ മണിയാകുമ്പോള്‍ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിളിച്ച വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും''.