ഓഹരിവിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ആറുകോടിയുടെ തട്ടിപ്പ്; ഇരയായത് തിരുവനന്തപുരം സ്വദേശി
|വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷനുകൾ വഴിയാണ് പണം തട്ടിയതെന്ന് പൊലീസ് കണ്ടെത്തി
തിരുവനന്തപുരം: ഓഹരിവിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ആറുകോടി രൂപ തട്ടിയെന്ന് പരാതി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷനുകൾ വഴിയാണ് പണം തട്ടിയതെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലീസ് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിക്കും.
ഒരു മാസത്തിനുള്ളിലാണ് ആറുകോടി രൂപയുടെ തട്ടിപ്പ് നടന്നത്. വിദേശത്ത് വിവിധ ഐടി കമ്പനികളിൽ ജോലി ചെയ്ത വ്യക്തിയാണ് തട്ടിപ്പിന് ഇരയായ തിരുവനന്തപുരം സ്വദേശി. നാട്ടിലെത്തിയ ശേഷം ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു. ഒരു ഓൺലൈൻ ട്രേഡിങ് ആപ് ഡൗൺലോഡ് ചെയ്തത് വഴിയാണ് തട്ടിപ്പിന് ഇരയായത്. ഇടനിലക്കാരന്റെ നിർദേശപ്രകാരം പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കേണ്ടി വരികയായിരുന്നു.
ലാഭത്തിന്റെ 20 ശതമാനത്തോളം നിക്ഷേപിച്ചാൽ മാത്രമേ പണം തിരികെ കിട്ടൂ എന്ന ഉപാധി സൈറ്റിലൂടെ ലഭിച്ചതിന് പിന്നാലെയാണ് തട്ടിപ്പ് മനസിലായത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.