സ്‌കൂൾ ഭക്ഷണ പരാതി: ഭക്ഷ്യവിഷബാധയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി
|എല്ലായിടത്തും പരിശോധിക്കേണ്ട സാഹചര്യമില്ലന്നും പാചക തൊഴിലാളികളുടെ കുറവ് ഗൗരവമായ പ്രശ്‌നമല്ലെന്നും വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരാതിയുണ്ടായിടത്ത് ഭക്ഷ്യവിഷബാധയല്ല ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. പരിശോധന നടന്നയിടങ്ങളിൽ പ്രശ്‌നമില്ല. പ്രശ്‌നങ്ങൾ കണ്ടെത്തിയിടത്ത് നിന്നുള്ള റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിരുന്നു. സ്‌കൂൾ തലത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ- ഭക്ഷ്യവകുപ്പുകൾ ഏകോപിപ്പിച്ചുള്ള പരിശോധനയാണ് വിവിധ സ്‌കൂളുകളിൽ നടന്നത്. എല്ലായിടത്തും പരിശോധിക്കേണ്ട സാഹചര്യമില്ലന്നും പാചക തൊഴിലാളികളുടെ കുറവ് ഗൗരവമായ പ്രശ്‌നമല്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദമാക്കി. അതേസമയം പ്ലസ് വൺ പരീക്ഷ മാറ്റിവെയ്ക്കാൻ ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു.
കായംകുളത്തും കൊട്ടാരക്കരയിലും കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റുവെന്ന് പരാതിയുണ്ടായിരുന്നു. കായംകുളം പുത്തൻറോഡ് യുപി സ്‌കൂളിലെ 20 കുട്ടികളും കൊട്ടാരക്കര കല്ലുവാതുക്കൽ അങ്കണവാടിയിലെ നാലു കുട്ടികളുമാണ് ചികിത്സ തേടിയത്. സ്‌കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചതാണ് കാരണമെന്നാണ് രക്ഷിതാക്കളുടെ പരാതി. വിഴിഞ്ഞത്തും 35 സ്‌കൂൾ കുട്ടികൾക്കു ഭക്ഷ്യവിഷബാധയേറ്റുവെന്ന് പരാതിയുണ്ടായിരുന്നു.