Kerala
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: മൂന്ന് ദിവസം പരിശോധന നടത്തിയത് 7149 സ്‌കൂളുകളിൽ
Kerala

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: മൂന്ന് ദിവസം പരിശോധന നടത്തിയത് 7149 സ്‌കൂളുകളിൽ

ijas
|
9 Jun 2022 4:24 PM GMT

അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് അവ പെട്ടെന്ന് പരിഹരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പരിശോധന തുടരുന്നു. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട 12,306 സ്കൂളുകളില്‍ 7,149 സ്കൂളുകള്‍ അധികൃതര്‍ നേരിട്ട് വന്ന് പരിശോധന നടത്തി. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയും സ്കൂളുകളില്‍ പരിശോധന പൂര്‍ത്തിയാക്കിയത്. 6,754 സ്കൂളുകളിൽ പ്രശ്നങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് അവ പെട്ടെന്ന് പരിഹരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് മിഡ് ഡേ മീൽ സ്കീം. 1984 മുതൽ സംസ്ഥാന സ്വന്തം ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വന്നിരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 1995 മുതൽ കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചാണ് നടപ്പാക്കി വരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർമാർ, ഉച്ചഭക്ഷണ വിഭാഗത്തിലെ സോണൽ കോഡിനേറ്റർമാർ, സൂപ്രണ്ടുമാർ, ക്ലർക്കുമാർ,വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ,ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ,നൂൺ ഫീഡിങ് സൂപ്പർവൈസർമാർ, ന്യൂൺ മീൽ ഓഫീസർമാർ എന്നിവർ വിവിധ വിഭാഗങ്ങളിലായി സ്കൂളുകൾ സന്ദർശിക്കുകയും ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും സ്കൂളുകൾക്ക് നൽകിയിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നുമാണ് പരിശോധിക്കുന്നത്.

സ്കൂളുകളിൽ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോർ മുറി, മാലിന്യനിർമാർജന സംവിധാനം എന്നിവ ഉറപ്പു വരുത്തണം. പാചക തൊഴിലാളികൾക്ക് ഹെഡ്‌ക്യാപ്,എപ്രൺ,ഗ്ലൗസ് എന്നിവ ഉറപ്പാക്കണം. അടുക്കളയ്ക്ക് മതിയായ സ്ഥലസൗകര്യം ഉണ്ടാകണം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

School Lunch Scheme: The three-day inspection was conducted in 7149 schools

Similar Posts