സ്കൂൾ ഒളിമ്പിക്സ്; ആദ്യ എഡിഷൻ ഈ വർഷം ഒക്ടോബറിൽ
|നാലു വർഷത്തിലൊരിക്കലാണ് സ്കൂൾ ഒളിമ്പിക്സ് എന്ന രൂപത്തിൽ കായികമേള നടത്തുക
തിരുവനന്തപുരം: പ്രഥമ സ്കൂൾ ഒളിമ്പിക്സിന്റെ ആദ്യ എഡിഷൻ ഈ വർഷം ഒക്ടോബറിൽ എറണാകുളത്ത് നടക്കും. ഒളിമ്പിക്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും. അതേസമയം, എറണാകുളം ജില്ലയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് നടത്താനാവുന്ന സ്റ്റേഡിയങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
നാലു വർഷത്തിലൊരിക്കലാണ് സ്കൂൾ ഒളിമ്പിക്സ് എന്ന രൂപത്തിൽ കായികമേള നടത്തുക. ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളത്താണ് പ്രഥമ സ്കൂൾ ഒളിമ്പിക്സ് നടക്കുക. ഒളിമ്പിക്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാനായി ഉടൻതന്നെ ഉന്നതയോഗം ചേരുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത് എറണാകുളം ജില്ലയിൽ ഒളിമ്പിക്സ് നടത്താനുള്ള വേദികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാനുണ്ട്.
നഗര ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മഹാരാജാസ് കോളേജ് ഗ്രൗണ്ട് തന്നെയാകും സർക്കാരിന്റെ പ്രഥമ പരിഗണന. സ്റ്റേഡിയത്തിൽ വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് . നിലവിലെ സിന്തറ്റിക് ട്രാക്ക് പൊളിച്ചുമാറ്റി പുതിയ സിന്തറ്റിക് ട്രാക്ക് ഒരുക്കുന്നതിന് മാസങ്ങൾ വേണ്ടി വന്നേക്കാം. സ്കൂൾ ഒളിമ്പിക്സിനായി പ്രഖ്യാപിച്ച തീയതിക്ക് മുൻപായി ഇത് പൂർത്തിയാവില്ല എന്നാണ് സൂചന. നിലവിലെ ട്രാക്കിലെ ടാറിങ് പൂർത്തിയായിട്ടുണ്ട് എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം സിന്തറ്റിക് ട്രാക്ക് ആക്കുന്നതിന്റെ പ്രവർത്തനങ്ങൾ തുടങ്ങാനാവാത്ത സ്ഥിതിയാണ്. മൂന്ന് ലയർ ഉള്ള സിന്തറ്റിക് ട്രാക്കിന്റെ ജോലികൾക്കായി മഴ പൂർണമായി മാറി വെയിൽ തെളിയേണ്ടതുണ്ട്.
കായിക മത്സരങ്ങളുടെ മാപ്പിലെ മുഖ്യസ്ഥാനം കോതമംഗലം മാർ അത്തിനേഷ്യസ് കോളേജ് ഗ്രൗണ്ടിനുമുണ്ട്. 63 ഏക്കറിൽ അധികം വരുന്ന സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളാൽ സജ്ജീകരിക്കപ്പെട്ടവയാണ്. വിവിധ ട്രാക്കുകൾ കൂടാതെ ഫുട്ബോൾ ഫീൽഡ്, സ്വിമ്മിംഗ് പൂൾ, ബാഡ്മിന്റൺ ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ട്, വോളിബോൾ കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. എന്നാൽ എറണാകുളം നഗരത്തിൽ എല്ലാവർക്കും എത്തിപ്പെടാൻ എളുപ്പമുള്ള മഹാരാജാസ് ഗ്രൗണ്ടിനെ ഒഴിവാക്കി മലയോരമേഖലയായ കോതമംഗലത്തേക്ക് വേദിമാറ്റാൻ സർക്കാർ തയാറാകുമോ എന്നാണ് കായികപ്രേമികൾ കാത്തിരിക്കുന്നത്.