സ്കൂള്‍ തുറക്കല്‍; കൂടുതല്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കും
|പുതിയ കണ്‍സഷന്‍ സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു നല്‍കി
തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിനാല്‍ കൂടുതല്‍ ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാന്‍ കെ.എസ്.ആര്‍.ടി.സി . സിഎംഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പുതിയ കണ്‍സഷന്‍ സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു നല്‍കി.
ജൂണ്‍ 3ന് പുതിയ അധ്യയന വര്‍ഷമാരാംഭിക്കും. വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം ചേര്‍ന്നത്. ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ചിട്ടുള്ള ബസുകള്‍ എത്രയും വേഗം നിരത്തിലിറക്കാന്‍ തീരുമാനിച്ചു. മഴകാരണമുള്ള പ്രതികൂല കാലാവസ്ഥയില്‍ സര്‍വീസ് ഓപ്പറേഷന്‍ ചെലവ് കുറച്ച് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സിഎംഡി എല്ലാ യൂണിറ്റ് അധികാരികളോടും ആവശ്യപ്പെട്ടു.
പുതിയ വര്‍ഷത്തില്‍ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഇതിനായി www.concessionksrtc.com എന്ന പേരില്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. അപേക്ഷിച്ച് കഴിഞ്ഞാല്‍ പണമടക്കേണ്ട ദിവസവും കണ്‍സഷന്‍ കൈപ്പറ്റാനുള്ള സമയവും എസ്എംഎസ്സായി അറിയിപ്പ് ലഭിക്കും. വിദ്യാര്‍ഥികള്‍ ഇത് വളരെ സൗകര്യപ്രദമാക്കുമെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തല്‍.