കരുതലോടെ സ്കൂളിലേക്ക്... പ്രവേശനോത്സവം ഗംഭീരമാക്കാൻ വിദ്യാലയങ്ങൾ
|സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ 8.30ന് നടക്കും
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നരവര്‍ഷമായി അടഞ്ഞു കിടന്ന സ്കൂളുകള്‍ ഇന്നു തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ 8.30ന് നടക്കും. പോരായ്മകളില്ലാതെ സ്കൂള്‍ തുറക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
താളം നിലച്ചു പോയ ഡസ്കിനും ബെഞ്ചിനും ഇന്ന് ജീവന്‍ വക്കും. ജൂണ്‍ 1ന് സമാനമായ അന്തരീക്ഷമായതിനാല്‍ കുട്ടികള്‍ കുട ചൂടിയെത്തും. പ്രൈമറിക്കാര്‍ക്ക് ഇത് ആദ്യത്തെ സ്കൂള്‍ അനുഭവം. മനോഹരമായ ചുവരുകളും ഇതുവരെ ഓണ്‍ലൈനില്‍ മാത്രം പരിചിതമായ അധ്യാപകരെയും നേരില്‍ കാണാം. പ്രൈമറി, 10, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്നു മുതല്‍ അധ്യയനം തുടങ്ങുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂള്‍ പ്രവേശനം.
നവംബര്‍ 15 വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. ഓണ്‍ലൈന്‍ ക്ളാസുകളും സമാനമായി നടക്കും. രക്ഷാകര്‍ത്താക്കളുടെ ആശങ്ക ഒഴിവാക്കാന്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. 8,9 ക്ലാസുകള്‍ 15ന് തുടങ്ങും. ഇന്ന് 35 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്. പത്താം ക്ലാസ് പരീക്ഷയടക്കം നടത്തി വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് വകുപ്പ്. രണ്ടു ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കും അനധ്യാപകർക്കും മാത്രമാണ് സ്കൂളിലേക്ക് വരാൻ അനുമതി.