ലക്ഷദ്വീപില്‍ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി; എതിര്‍പ്പുമായി രക്ഷിതാക്കള്‍
|വെള്ളിയാഴ്‍ചയാണ് നിലവിൽ അവധി അനുവദിച്ചിരുന്നത്
ലക്ഷദ്വീപില്‍ സ്കൂൾ അവധി ദിനത്തില്‍ മാറ്റം. വെള്ളിയാഴ്ച അവധി ഒഴിവാക്കി .ഇനി മുതൽ ഞായറാഴ്ചയായിരിക്കും അവധി. കൂടിയാലോചനകളില്ലാതെ അവധി ദിനം മാറ്റിയതില്‍ എതിര്‍പ്പുമായി രക്ഷിതാക്കള്‍ രംഗത്തെത്തി . തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ നിവേദനം നൽകിയിട്ടുണ്ട്.
കവരത്തിയിലെ വിദ്യാഭ്യാസ ഡയരക്ടര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും അയച്ച ഉത്തരവിലാണ് അവധി ദിനത്തിലെ മാറ്റം അറിയിച്ചത്. നാളിതു വരെ ദ്വീപില്‍ നിലനിന്നിരുന്ന വെള്ളിയാഴ്ചയിലെ സ്കൂള്‍ അവധിക്ക് പകരം ഞായറാഴ്ച പൊതുഅവധി ദിനമായി നിശ്ചയിച്ചു. ഇത് വെള്ളിയാഴ്ച പ്രാര്‍ഥനക്കായി നേരത്തെ പള്ളിയിലെത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസമുണ്ടാക്കുമെന്നാണ് രക്ഷിതാക്കളുടെ പരാതി. വിവിധ സംഘടനകളും അതൃപ്തി അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉള്‍പ്പെടെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ച ഭക്ഷണത്തിനുള്ള ഇടവേള 12.30 മുതൽ 1.30 വരെയാണ്. ഇതും പ്രാര്‍ത്ഥനാ സമയത്തെ ബാധിക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വെള്ളിയാഴ്ച അവധി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ഉള്‍പ്പെടെ വിവിധ സംഘടനകള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.