Kerala
സ്കൂളുകളിൽ പൂര്‍ണ തോതില്‍ ക്ലാസുകള്‍ നാളെ മുതല്‍
Kerala

സ്കൂളുകളിൽ പൂര്‍ണ തോതില്‍ ക്ലാസുകള്‍ നാളെ മുതല്‍

Web Desk
|
20 Feb 2022 1:38 AM GMT

47 ലക്ഷം വിദ്യാര്‍ഥികളാണ് സ്കൂളിലെത്തുക

സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കും. 47 ലക്ഷം വിദ്യാര്‍ഥികളാണ് സ്കൂളിലെത്തുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഒരിടവേളക്ക് ശേഷം സ്കൂളുകള്‍ വീണ്ടും സാധാരണ നിലയിലാവുകയാണ്. പ്രീ പ്രൈമറി ഒഴികെയുള്ള ക്ലാസുകളാണ് പഴയ രീതിയില്‍ തുടങ്ങുന്നത്. ഒന്ന് മുതല്‍ 10 വരെ 38 ലക്ഷവും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ അറുപതിനായിരത്തോളം വിദ്യാര്‍ഥികളും ക്ലാസുകളിലെത്തും. ഒരു ലക്ഷത്തിൽപരം അധ്യാപകരും സ്കൂളുകളിലുണ്ടാകും.

പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസം 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ച വരെ ക്‌ളാസുണ്ടാകും. എട്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യൂണിഫോമിലും ഹാജറിലും കടുംപിടുത്തം വേണ്ടെന്നാണ് നിര്‍ദേശം. ഇന്നലെ ആരംഭിച്ച സ്കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്കൂള്‍ നടത്തിപ്പെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Related Tags :
Similar Posts