പൊലീസിന്‍റെ സഹായം കൊണ്ട് പ്രവർത്തിക്കേണ്ട ഗതികേട് എസ്.ഡി.പി.ഐക്കില്ല - അഷ്റഫ് മൗലവി
|ആര്‍.എസ്.എസ് താൽപ്പര്യത്തിന് അനുസരിച്ചാണ് ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നതെന്നും എസ്.ഡി.പി.ഐ നേതാവ്
പൊലീസുകാരൻ വിവരം ചോർത്തി നൽകേണ്ട ആവശ്യം എസ്.ഡി.പി.ഐക്കില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. എന്ത് വിവരങ്ങളാണ് ചോർത്തി നൽകിയതെന്ന് പറയട്ടെയെന്നും പുകമറ സൃഷ്ടിക്കലാണ് ഇത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്നും അഷ്റഫ് മൗലവി പറഞ്ഞു. പൊലീസിന്‍റെ സഹായം കൊണ്ട് പ്രവർത്തിക്കേണ്ട ഗതികേട് എസ്.ഡി.പി.ഐക്ക് ഇല്ലെന്നും ആഭ്യന്തര വകുപ്പ് ആര്‍.എസ്.എസ് താൽപ്പര്യത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും എസ്.ഡി.പി.ഐ നേതാവ് കുറ്റപ്പെടുത്തി.
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കു രഹസ്യവിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്.ഡി.പി.ഐയുടെ പരസ്യ പ്രതികരണം. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.കെ അനസിനെയാണു പിരിച്ചുവിട്ടത്. പൊലീസ് ഡേറ്റാബേസിൽ നിന്നു വിവരങ്ങൾ ചോർത്തി നൽകിയെന്നായിരുന്നു അനസിനെതിരായ ആരോപണം.
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഡേറ്റാബസിലെ വിവരങ്ങള്‍ അനസ് ചോര്‍ത്തിനല്‍കിയെന്ന കേസില്‍ അന്വേഷണം നടന്നുവരികയായിരുന്നു. അനസിനെതിരെ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ മറുപടി തൃപ്തികരമല്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് അനസിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ തീരുമാനമാകുകയായിരുന്നു.