Kerala
മലയാളം വായിക്കാനറിയാത്ത പഞ്ചായത്ത് അംഗത്തെ തെറ്റിദ്ധരിപ്പിച്ച് രാജിവെപ്പിച്ചു; പരാതിയുമായി എസ്.ഡി.പി.ഐ അംഗം
Kerala

'മലയാളം വായിക്കാനറിയാത്ത പഞ്ചായത്ത് അംഗത്തെ തെറ്റിദ്ധരിപ്പിച്ച് രാജിവെപ്പിച്ചു'; പരാതിയുമായി എസ്.ഡി.പി.ഐ അംഗം

Web Desk
|
17 Oct 2023 2:53 AM GMT

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ എസ്.ഡി.പി.ഐ അംഗമായിരുന്ന വി.ആർ ദീക്ഷിത് ആണ് പരാതിയുമായി രംഗത്തെത്തിയത്.

കാസർകോട്: മലയാളം വായിക്കാനറിയാത്ത പഞ്ചായത്ത് അംഗത്തെ തെറ്റിദ്ധരിപ്പിച്ച് രാജിവെപ്പിച്ചെന്ന് പരാതി. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ എസ്.ഡി.പി.ഐ അംഗമായിരുന്ന വി.ആർ ദീക്ഷിത് ആണ് പരാതിയുമായി രംഗത്തെത്തിയത്. മുസ്‌ലിം ലീഗ് പ്രവർത്തകർ ജാതിയധിക്ഷേപം നടത്തിയതായും ആരോപണമുണ്ട്.

പഞ്ചായത്തിലെ ഏക എസ്.ഡി.പി.ഐ അംഗമാണ് വി.ആർ ദീക്ഷിത്ത്. ഇദ്ദേഹം രാജിവെച്ചത് വാർത്തയായതിനു പിന്നാലെയാണു പരാതിയുമായി രംഗത്തെത്തിയത്. എസ്.ഡി.പി.ഐ അംഗം രാജിക്കത്ത് നൽകിയതായും രാജി സ്വീകരിച്ച് വിവരം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതായും കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദീക്ഷിത്ത് പരാതിയുമായി രംഗത്തെത്തിയത്.

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ മുസ്‌ലിം ലീഗിന്റെ കൈവശമുണ്ടായിരുന്ന വാർഡ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിടിച്ചെടുക്കുകയായിരുന്നു. 305 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സംവരണ വാർഡിൽ ദീക്ഷിത്തിന്റെ വിജയം.

കോൺഗ്രസ് മത്സരിച്ചിരുന്ന വാർഡ് കഴിഞ്ഞ തവണ ലീഗ് ഏറ്റെടുക്കുകയായിരുന്നു. ഏറെ സ്വാധീനമുള്ള വാർഡിൽ വിജയിച്ചശേഷം ലീഗ് തന്നെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി ദീക്ഷിത് പറയുന്നു. മുസ്‌ലിം ലീഗ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

പട്ടിക ജാതിക്കാരനായ അംഗത്തിനെതിരെ ജാതിയധിക്ഷേപം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു. ദീക്ഷിത്തിന്റെ രാജിയുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ലീഗ് നേതാക്കൾ പ്രതികരിച്ചു.

Summary: Complaint that a panchayat member who cannot read Malayalam was misled and resigned. VR Dixit, who was a SDPI member of Mogral Puthur panchayat, is the complainant.

Similar Posts