ഇസ്ലാമിക വിശ്വാസത്തെ അവഹേളിച്ച സുകുമാരൻ നായരുടെ പ്രസ്താവനയിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം: എസ്.ഡി.പി.ഐ
|ഷംസീറിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് മതവിശ്വാസികളെ കുറിച്ച് വാചാലരാവുന്ന വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയും സുകുമാരൻ നായരുടെ നിലപാടിൽ നിശബ്ദത പുലർത്തുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
തിരുവനന്തപുരം: മതവിശ്വാസിയല്ലാത്ത ഷംസീറിന്റെ പരാമർശങ്ങളോട് ബന്ധപ്പെടുത്തി ഇസ്ലാമിക വിശ്വാസത്തെ അവഹേളിച്ച സുകുമാരൻ നായരുടെ പ്രസ്താനവനയോട് യു.ഡി.എഫ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു. ഷംസീറിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് മതവിശ്വാസികളെ കുറിച്ച് വാചാലരാവുന്ന വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയും സുകുമാരൻ നായരുടെ നിലപാടിൽ നിശബ്ദത പുലർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എൻ.എസ്.എസ് പോലെയുള്ള ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സംഘപരിവാർ പ്രയോഗങ്ങളെ ഏറ്റെടുത്ത് പരസ്യ പ്രസ്താവന നടത്തുന്ന സുകുമാരൻ നായരുടെ നിലപാട് കേരളീയ പൊതുസമൂഹത്തിനു യോജിച്ചതല്ല. മതവിശ്വാസികൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുക എന്ന ചിലരുടെ ഹിഡൻ അജണ്ടയാണ് സുകുമാരൻ നായരിലൂടെ പ്രകടമാകുന്നത്. ദീർഘകാല ലക്ഷ്യത്തോടെ വിളവെടുക്കാമെന്ന താൽപര്യം മുന്നിൽക്കണ്ട് ഇത്തരം വിഷവിത്ത് വിതയ്ക്കൽ കേരളീയ സമൂഹത്തിനു ഗുണപ്രദമാവില്ലെന്നും അഷ്റഫ് മൗലവി പറഞ്ഞു.