Kerala
ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണം: ഐക്യരാഷ്ട്രസഭക്കും ഓഐസിക്കും എസ്ഡിപിഐ കത്തെഴുതി
Kerala

ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണം: ഐക്യരാഷ്ട്രസഭക്കും ഓഐസിക്കും എസ്ഡിപിഐ കത്തെഴുതി

Admin
|
15 May 2021 11:41 AM GMT

പശ്ചിമേഷ്യയിൽ ഇസ്രായേൽ സൃഷ്ടിച്ച യുദ്ധസമാന സാഹചര്യം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്നും പ്രശ്നത്തില്‍ ഇടപെടണമെന്നും അഭ്യര്‍ഥിച്ച്‌ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംക ഫൈസി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനും ഓഐസി സെക്രട്ടറി ജനറലിനും ഇമെയില്‍ സന്ദേശമയച്ചു.

പോലീസിന്റെ സഹായത്തോടെ ജറുസലേമിലെ ഷെയ്ക്ക് ജര്‍റാ പ്രദേശത്തെ പലസ്തീന്‍ നിവാസികളെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേലികളായ അനധികൃത കുടിയേറ്റക്കാര്‍ ഇറങ്ങിത്തിരിച്ചതാണ് നിലവിലെ അവസ്ഥക്ക് കാരണം. "യുദ്ധക്കുറ്റ"ത്തിന് സമാനമാണ് ഈ കുടിയൊഴിപ്പിക്കല്‍ എന്നാണ് ഐക്യരാഷ്ട്രസഭ തന്നെ വിശേഷിപ്പിച്ചത്. ഈ ഉരസലുകളുടെ തുടര്‍ച്ചയായി, പുണ്യമാസമായ റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്സാ പള്ളിയില്‍ ഒരുമിച്ചു കൂടിയ വിശ്വാസികള്‍ക്ക് നേരെ ഇസ്രയേല്‍ പോലിസ് റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഹമാസ് ഇതിനു തിരിച്ചടിക്കുകയും, പകരം അനേകം മനുഷ്യ ജീവനുകള്‍ അപഹരിച്ച്‌ ഇസ്രായേൽ ആക്രമണം ആരംഭിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അന്താരാഷ്‌ട്ര സമൂഹത്തോട് എസ്ഡിപിഐ അഭ്യര്‍ഥിച്ചത്.

"അന്ത്യമില്ലാതെ തുടരുന്ന ഇസ്രയേല്‍ നിഷ്ടൂരതയില്‍ അനേകം മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്‌; അന്താരാഷ്‌ട്ര സമൂഹം ശക്തിയായി ഇടപെട്ട് അവര്‍ക്ക് കടിഞ്ഞാണിടുകയും പലസ്തീന്‍ ജനതക്ക് നീതിയും സമാധാനവും ഉറപ്പു വരുത്തുകയും ചെയ്യുന്നില്ലെങ്കില്‍, അവരുടെ വംശഹത്യാ നയങ്ങള്‍ അവര്‍ അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ല," ഫൈസി ഇമെയിലില്‍ സൂചിപ്പിച്ചു.

Related Tags :
Similar Posts