Kerala
തൃശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ കടലാക്രമണം രൂക്ഷം; വെള്ളക്കെട്ട്, വീടുകള്‍ തകര്‍ന്നു
Kerala

തൃശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ കടലാക്രമണം രൂക്ഷം; വെള്ളക്കെട്ട്, വീടുകള്‍ തകര്‍ന്നു

Web Desk
|
14 May 2021 2:20 PM GMT

വലിയ പ്രശ്നങ്ങളാണ് തീരദേശങ്ങളിൽ. . പൊന്നാനി താലൂക്കിൽ വിവിധ തീരദേശ മേഖലകളിൽ 200 ലധികം വീടുകളെ കടലാക്രമണം ബാധിച്ചു

കോഴിക്കോടും മലപ്പുറത്തും തൃശൂരും കടലാക്രമണം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. ചാവക്കാട് നൂറോളം വീടുകളിൽ വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

വലിയ പ്രശ്നങ്ങളാണ് തീരദേശങ്ങളിൽ. . പൊന്നാനി താലൂക്കിൽ വിവിധ തീരദേശ മേഖലകളിൽ 200 ലധികം വീടുകളെ കടലാക്രമണം ബാധിച്ചു. പൊന്നാനി നഗരം, വെളിയംകോട്, പെരുമ്പടപ്പ് തുടങ്ങി മൂന്ന് വില്ലേജുകളിൽ ക്യാമ്പുകൾ തുറന്നു . 22 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം പൊന്നാനിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. തൃശൂരിൽ ചാവക്കാടും കൊടുങ്ങല്ലൂരുമാണ് കടൽ ക്ഷോഭം രൂക്ഷമായത്. എറിയാട് ഒരു വീട് ഭാഗികമായി തകർന്നു. എടവിലങ്ങ് കാര വാക്കടപ്പുറം ചോറ്റാനിക്കര ദേവി ക്ഷേത്രവും കടലാക്രമണത്തിൽ തകർന്നു. നൂറു കണക്കിന് വീടുകളിൽ വെള്ളം കയറി. ഒരു കിലോമീറ്ററിലധികം പ്രദേശം വെള്ളക്കെട്ടിലാണ്.

കൊടുങ്ങല്ലൂരിൽ നാല് ക്യാമ്പുകളിലായി 83 പേരെ മാറ്റിപ്പാർപ്പിച്ചു . ആന്‍റിജന്‍ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്. ബേപ്പൂരിൽ കടലാക്രമണത്തിൽ പുലിമുട്ടിനു സമീപത്തെ 7 കടകൾ തകർന്നു . വടകര, ചാലിയം,കാപ്പാട്, നൈനാം വളപ്പ് , കോഴിക്കോട് ഭട്ട് റോഡ് മേഖലകളിലും കടൽക്ഷോഭമുണ്ടായി. ഇതിനിടെ ചാത്തമംഗലം ചേനോത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കിഴക്കേടത്ത് ആദർശാണ് മരിച്ചത്.

Similar Posts