Kerala
മത്സ്യത്തൊഴിലാളികളെ  ബാധിച്ചാൽ സീ പ്ലെയിൻ പദ്ധതി എതിർക്കും; പി.പി ചിത്തരഞ്ജൻ എംഎൽഎ
Kerala

മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ സീ പ്ലെയിൻ പദ്ധതി എതിർക്കും; പി.പി ചിത്തരഞ്ജൻ എംഎൽഎ

Web Desk
|
11 Nov 2024 10:24 AM GMT

പദ്ധതിയെ ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും എംഎൽഎ

ആലപ്പുഴ: സീ പ്ലെയിൻപദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കുമെന്ന് സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ എംഎൽഎ.

ആലപ്പുഴയുടെ അടിയന്തരാവശ്യമല്ല സീപ്ലെയിൻ, അതുകൊണ്ട് ജില്ലയിലേക്ക് സ്വാഗതം ചെയ്യുന്നില്ല.

മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമല്ലാത്ത വിധത്തിൽ ആണ് പദ്ധതിയെങ്കിൽ അംഗീകരിക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു.

2013 ൽ പി.പി ചിത്തരഞ്ജൻ്റെ നേതൃത്വത്തിൽ പദ്ധതിക്കെതിരെ സമരം ചെയ്തിരുന്നു.

ഇതിനിടെ സീപ്ലെയിൻ പരീക്ഷണപ്പറക്കൽ വിജയകരമായി. ബോൾഗാട്ടിയിൽ നിന്ന് പുറപ്പെട്ട വിമാനം മാട്ടുപ്പെട്ടി അണക്കെട്ടിൽ പറന്നിറങ്ങി. പരീക്ഷണപ്പറക്കൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്തു.മന്ത്രിമാരും ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ള 15 അംഗങ്ങളുമായി രണ്ട് തവണ കൊച്ചി നഗരത്തിന് മുകളിൽ സീപ്ലെയിൻ വട്ടമിട്ട് പറന്നു. പത്തരയോടെ കൊച്ചി കായലിൽ നിന്ന് സീപ്ലെയിൻ ഇടുക്കിയിലേക്ക് പറന്ന് അര മണിക്കൂറിനകം മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയുകയായിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.സീപ്ലെയിൻ പദ്ധതി വരുന്നതോടെ ടൂറിസം വികസിക്കുമെന്നും വിനോദ സഞ്ചാര മേഖലയിൽ കുതിപ്പിന് വേഗം നൽകുമെന്നും റിയാസ് പറഞ്ഞു. കൂടുതൽ സ്ഥലത്തേക്ക് സീ പ്ലെയിൻ പദ്ധതി വ്യാപിപ്പിക്കുമെന്നും അറിയിച്ചു. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി എന്നിവരും ചടങ്ങിനെത്തിയിരുന്നു. കേരളത്തിലെ വിവിധ ജലാശയങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും വിവിധ ജലാശയങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Similar Posts