Kerala
ഇനിയുമെത്ര പേർ കാണാമറയത്ത്?; ചാലിയാർ മേഖലയിലും മുണ്ടക്കൈയിലും ചൂരൽമരയിലും തിരച്ചിൽ തുടരുന്നു
Kerala

ഇനിയുമെത്ര പേർ കാണാമറയത്ത്?; ചാലിയാർ മേഖലയിലും മുണ്ടക്കൈയിലും ചൂരൽമരയിലും തിരച്ചിൽ തുടരുന്നു

Web Desk
|
12 Aug 2024 5:23 AM GMT

മുണ്ടേരിയിൽ എട്ട് കി.മീറ്ററോളം ഉൾവനം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.

മലപ്പുറം/കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരുന്നു. ചാലിയാർ, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വിവിധ സന്നദ്ധ സംഘടനകളുടെയും സേനകളുടേയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമായി നടക്കുന്നത്. ചാലിയാർ മേഖലയിൽ രാവിലെ ഏഴുമണി മുതൽ മുണ്ടേരി ഫാം മേഖലയിൽ പുനരാംരഭിച്ച തിരച്ചിൽ ഉച്ചയ്ക്കു രണ്ടു മണിയോടെ പരപ്പൻപാറയിൽ അവസാനിക്കും.

മുണ്ടേരിയിൽ എട്ട് കി.മീറ്ററോളം ഉൾവനം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനം വകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60ലേറെ വരുന്ന സംഘമാണ് ഇവിടെ തിരച്ചിൽ നടത്തുന്നത്. വൈദഗ്ധ്യം ആവശ്യമായതിനാൽ ഈ ഭാഗത്തെ ഇന്നത്തെ തിരച്ചിലിന് സന്നദ്ധപ്രവർത്തകരില്ല‌.

സർക്കാർ സംവിധാനങ്ങൾ മാത്രമാണ് ഇന്ന് തിരച്ചിലിന് ഉപയോഗിച്ചിരിക്കുന്നതെന്ന് വഴിക്കടവ് റേഞ്ച് ഓഫീസർ കെ.പി.എസ് ബോബികുമാർ മീഡിയവണിനോട് പറഞ്ഞു. അതീവസൂക്ഷ്മതയോടെ തിരയുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ സംവിധാനങ്ങളെ മാത്രം ഉപയോഗിക്കുന്നത്. സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെയെത്തുന്ന ഭാഗങ്ങളിലാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. പുഴയുടെ താഴ്ഭാഗത്ത് മറ്റൊരു സംഘവും തിരിച്ചിലിനുണ്ട്.

എൻ.ഡി.ആർ.എഫിന്റെ പത്തു പേരും ഫോറസ്റ്റിന്റെ പത്തുപേരുമാണ് അവിടുത്തെ വനഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ പരപ്പൻപാറയിൽ നിന്നും രണ്ട് മൃതദേഹം ലഭിച്ചിരുന്നു. അതിനാൽ ഒന്നുകൂടി അവിടെ തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹം മുണ്ടേരിയിലേക്ക് എത്തിക്കാൻ സാധിക്കാതെ വന്നാൽ എയർലിഫ്റ്റ് ചെയ്യും. നാളെ സന്നദ്ധസംഘടനകളെയും പൊതുജനങ്ങളേയും ഉപയോഗപ്പെടുത്തി തിരച്ചിൽ നടത്താനും ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരമട്ടം, സ്‌കൂൾ റോഡ്, വില്ലേജ് റോഡ് പ്രദേശങ്ങളിലും സന്നദ്ധപ്രവർത്തകരുടെയും എൻ.ഡി.ആർ.എഫിന്റേയും നേതൃത്വത്തിൽ ഇന്നും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജെ.സി.ബിയുൾപ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്. ഇന്നലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ നടന്ന ജനകീയ തിരച്ചലിൽ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും ക്യാമ്പിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്.



Similar Posts