ആ കാൽ അലന്‍റേതല്ല; പ്ലാപ്പള്ളിയിൽ ഇന്നും തെരച്ചിൽ തുടരും
|ഡിഎൻഎ പരിശോധന നടത്തും
ഉരുൾപൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയിൽ ഇന്നും തെരച്ചിൽ തുടരും. 12 വയസുകാരൻ അലന്‍റെ മൃതദേഹത്തോടൊപ്പം ലഭിച്ച കാൽ അലന്‍റേതല്ലെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് വീണ്ടും തെരച്ചിൽ നടത്തുന്നത്. ഇതോടൊപ്പം മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയും നടത്തും.
ഇന്നലെ കിട്ടിയ കാല്‍ ആരുടേതെന്ന് സംശയമുണ്ടായതോടെ മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാനാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. എന്നാല്‍ നാട്ടുകാര്‍ പറയുന്നത് നിലവില്‍ ആരെയും കാണാതായതായി വിവരമില്ല എന്നാണ്. മരിച്ചവരുടെ ആരുടെ എങ്കിലും ശരീരഭാഗമാണോ എന്ന് അറിയാനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.
പ്ലാപ്പള്ളിയില്‍ നിന്നും നാലു പേരുടെ മൃതദേഹമാണ് മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയത്. ഇളങ്കാട്, ഏന്തയാർ എന്നിവിടങ്ങളിൽ നിന്ന് കാണാതായ രണ്ടു പേരുടേയും മൃതദേഹം കണ്ടെടുത്തു.
കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ 12 പേരാണ് മരിച്ചത്. ഇതില്‍ ഒരു കുടുംബത്തിലെ ആറ് പേരും ഉള്‍പ്പെടും. ഇന്നലെ സൈന്യത്തിന്റേയും ഫയർഫോഴ്സിന്റെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.