പള്ളിയോടം മറിഞ്ഞ് അപകടം; കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു
|ഇവർക്കായി പൊലീസിന്റേയും ഫയർഫോഴ്‌സിന്റേയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്.
ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നു പേർക്കായി തിരച്ചിൽ തുടരുന്നു. ചെറുകോൽ സ്വദേശി ബിനീഷ്, ചെന്നിത്തല സ്വദേശി രാഗേശ് എന്നിവരെയും ചെട്ടിക്കുളങ്ങര സ്വദേശിയെയുമാണ് കണ്ടെത്താനുള്ളത്.
ഇവർക്കായി പൊലീസിന്റേയും ഫയർഫോഴ്‌സിന്റേയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. ഇവർക്കൊപ്പം കാണാതായ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യ (16) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സിന്റെ സ്കൂബാ ടീമംഗങ്ങളടക്കം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആദ്യം ഒരാളെയാണ് കാണാതായത് എന്നായിരുന്നു വിവരം. പിന്നീട്, മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് രക്ഷപെട്ടവർ പൊലീസിനോടു വ്യക്തമാക്കുകയായിരുന്നു. 65ഓളം പേരാണ് പള്ളിയോടത്തിൽ ഉണ്ടായിരുന്നത് എന്ന് ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ പറഞ്ഞു.
രാവിലെ എട്ടരയോടെ വലിയ പെരുമ്പുഴക്കടവിലാണ് അപകടം നടന്നത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.
പളളിയോടത്തിലേക്ക് കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതും വലിയ അടിയൊഴുക്കുള്ളതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പള്ളിയോടം ആറന്മുളയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. .