Kerala
searching operation in a place where got thermal image radar signal in mundakai
Kerala

മണ്ണിനടിയിലൊരു ജീവന്റെ തുടിപ്പ്; മുണ്ടക്കൈയിൽ അത്യാധുനിക റഡാർ സിഗ്നൽ ലഭിച്ചയിടത്ത് പരിശോധന

Web Desk
|
2 Aug 2024 11:33 AM GMT

ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച്, കട തകർന്ന ഭാഗത്ത് മണ്ണ് മൂടിയ സ്ഥലത്ത് കോൺക്രീറ്റ് ഭാഗങ്ങൾ മാറ്റിയാണ് പരിശോധന നടത്തുന്നത്.

മേപ്പാട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നാലാം ദിനവും രക്ഷാദൗത്യം തുടരുന്നതിനിടെ ഒരിടത്ത് ഭൂമിക്കടിയിൽ നിന്നൊരു ജീവന്റെ സിഗ്നൽ. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ അഥവാ ഹ്യൂമൻ റെസ്‌ക്യൂ റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഒരിടത്ത് സിഗ്നൽ ലഭിച്ചത്.

കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും. ഇതനുസരിച്ച് സിഗ്നൽ ലഭിച്ച സ്ഥലത്ത് ഇപ്പോൾ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന തുടരുകയാണ്.

ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട തകർന്ന ഭാഗത്ത് മണ്ണ് മൂടിയ സ്ഥലത്ത് കോൺക്രീറ്റ് ഭാഗങ്ങൾ മാറ്റിയാണ് പരിശോധന നടത്തുന്നത്. കടയുടെ താഴെ ഭൂമിക്കടിയിൽ ഒരു മുറിയുണ്ടായിരുന്നെന്നും അത് സ്റ്റോർ റൂം ആയിരുന്നു എന്നുമാണ് പ്രദേശവാസികളിൽ നിന്നു ലഭിച്ച വിവരം. സിഗ്നൽ പ്രകാരം ഈ അണ്ടർഗ്രൗണ്ട് മുറിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു എന്ന നിഗമനത്തിലാണ് ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധിക്കുന്നതെന്ന് റഡാറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മീഡിയവണിനോട് പറഞ്ഞു.

40 ഇഞ്ച് കോൺക്രീറ്റ് പാളിക്കടിയിൽ ആളുണ്ടെങ്കിൽ സിഗ്നൽ കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റിടങ്ങളിലെ തിരച്ചിൽ നിർത്തിവച്ച് ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ദൗത്യം പുരോഗമിക്കുന്നത്. പ്രദേശത്ത് ഫയർ ആൻഡ് റെസ്‌ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്. നാലാംദിനം ഭൂമിക്കടിയിൽ നിന്ന് ഒരാളെ കൂടി ജീവനോടെ പുറത്തെടുക്കാനാവുമെന്ന വലിയ പ്രതീക്ഷയിലാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും.

Similar Posts