'എല്ലാവർക്കും സീറ്റ് ഉറപ്പ്'; പ്ലസ് വൺ സീറ്റ് വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടി
|പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1,2,3 തിയ്യതികളിൽ നടക്കും
പ്ലസ് വൺ ക്ലാസിലേക്ക് യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും സീറ്റ് ലഭ്യമാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വർധിത സീറ്റിലേക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്ഫർ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കും.
നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബർ 22,23,24 തിയ്യതികളിലായി പൂർത്തീകരിക്കും.
പ്ലസ് വണ്ണിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് മതിയായ സീറ്റുകളുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.