Kerala
ജൂതന്മാരെ കിട്ടാത്തതുകൊണ്ട് യഹോവയുടെ പേരിൽ സമ്മേളിക്കുന്നവരെ ആക്രമിക്കാനുള്ള സാധ്യതയുണ്ട്-ടി.വി ചർച്ചയിൽ സെബാസ്റ്റ്യൻ പോൾ പറഞ്ഞത്
Kerala

'ജൂതന്മാരെ കിട്ടാത്തതുകൊണ്ട് യഹോവയുടെ പേരിൽ സമ്മേളിക്കുന്നവരെ ആക്രമിക്കാനുള്ള സാധ്യതയുണ്ട്'-ടി.വി ചർച്ചയിൽ സെബാസ്റ്റ്യൻ പോൾ പറഞ്ഞത്

Web Desk
|
30 Oct 2023 11:44 AM GMT

''ഫലസ്തീനുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ധാരാളമായി സമ്മേളനം നടക്കുമ്പോള്‍ യഹോവ സാക്ഷികളുടെ സമ്മേളനം തന്നെ സ്ഫോടനത്തിനു തിരഞ്ഞെടുത്തത് വളരെ യാദൃച്ഛികമായി സംഭവിച്ചതായി കരുതാൻ നിവൃത്തിയില്ല''

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തെ ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണത്തിനുള്ള പ്രതികാരമായാണ് കഴിഞ്ഞ ദിവസം ടെലിവിഷൻ ചർച്ചയിൽ ഇടതു സഹയാത്രികനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ അവതരിപ്പിച്ചത്. സംഭവം നടന്നു മിനിറ്റുകൾക്കകം റിപ്പോർട്ടർ ടി.വിയിൽ ചാനല്‍ മേധാവി നികേഷ് കുമാര്‍ നടന്ന തത്സമയ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജൂതന്മാരെ ആക്രമിക്കാൻ കിട്ടാത്തതുകൊണ്ട് യഹോവയുടെ പേരിൽ സമ്മേളിക്കുന്നവരെ ആക്രമിക്കാനുള്ള വിദൂരസാധ്യതയെങ്കിലുമുണ്ടെന്നും ആക്രമണത്തിനു പശ്ചാത്തലമായി സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിൽ ഫലസ്തീൻ പ്രശ്‌നം നടക്കുമ്പോൾ ഇവിടെ പലകാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം വളരെ സജീവമായി ഇടപെടുന്ന വിഷയമാണ് പശ്ചിമേഷ്യ. ഇവിടെ ഫലസ്തീനുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ധാരാളമായി സമ്മേളനം നടക്കുന്നു. സമ്മേളനമില്ലെങ്കിലും മറ്റു രീതിയിൽ ഇസ്രായേലുമായി ഐക്യപ്പെട്ടുനിൽക്കുന്ന വലിയൊരു വിഭാഗം ജനങ്ങളും ഇവിടെയുണ്ട്. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോൾ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിൽ നടന്ന സ്‌ഫോടനം അതുമായി ബന്ധപ്പെടുത്താൻ എളുപ്പമാണ്. യഹോവ സാക്ഷികളുടെ സമ്മേളനം തന്നെ തിരഞ്ഞെടുത്തത് വളരെ യാദൃച്ഛികമായി സംഭവിച്ചതായി കരുതാൻ നിവൃത്തിയില്ലെന്നും സെബാസ്റ്റ്യന്‍‌ പോൾ അഭിപ്രായപ്പെടുന്നു.

പശ്ചിമേഷ്യയിൽ ഫലസ്തീനെതിരെ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടു തന്നെയായിരിക്കണം ഈ സ്‌ഫോടനം നടന്നത്. കേരളത്തിലിപ്പോൾ വിരലിലെണ്ണാവുന്ന ജൂതന്മാരേയുള്ളൂ. അവർക്ക് പൊലീസ് മതിയായ സംരക്ഷണവും ഒരുക്കിയിട്ടുമുണ്ട്. പിന്നീട് അവർക്കു കിട്ടാവുന്ന സ്വാഭാവികമായ ഇരകളാണു യഹോവാ സാക്ഷികൾ. സ്‌ഫോടനത്തിന് കളമശ്ശേരി തിരഞ്ഞെടുത്തതിൽ യഹോവാ സാക്ഷികളുടെ സാന്നിധ്യത്തിനപ്പുറം നമുക്ക് പഴയൊരു ഓർമ വരുന്നുണ്ട്. ഏതാണ്ട് ഈ പ്രദേശത്തിനടുത്തുതന്നെയായിരുന്നു തമിഴ്നാട് ബസ് കത്തിച്ചത്. ആ രീതിയിൽ എന്നും സംഭവിക്കാൻ സാധ്യതയുണ്ട്. ജൂതന്മാരെ ആക്രമിക്കാൻ കിട്ടാത്തതുകൊണ്ട്, യഹോവയുടെ പേരിൽ സമ്മേൡക്കുന്നവരെ ആക്രമിക്കാനുള്ള ഒരു വിദൂരമായ സാധ്യതയെങ്കിലുമുണ്ടെന്നും ഒരുപടി കൂടി കടന്ന് സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

റിപ്പോർട്ടർ ടി.വി തത്സമയ ചർച്ചയിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം

നികേഷ് കുമാർ: നമുക്ക് പശ്ചിമേഷ്യൻ സാഹചര്യം അറിയാം. യഹോവാ സാക്ഷികളുടെ യോഗത്തിലാണ് ഇപ്പോൾ സ്‌ഫോടനമുണ്ടായിട്ടുള്ളത്. അതു രണ്ടും കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ടോ താങ്കൾക്ക്?

സെബാസ്റ്റ്യൻ പോൾ: ഇപ്പോൾ സ്‌ഫോടനമുണ്ടായ സമയം, അല്ലെങ്കിൽ അതിന്റെ അവസരം വളരെ അസ്ഥാനത്തായിപ്പോയി എന്ന് ആദ്യമേ പറയേണ്ടിയിരിക്കുന്നു. പലതരത്തിലുള്ള സംശയങ്ങൾക്ക് അത് ഇടനൽകിയിട്ടുണ്ട്. പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ ഫലസ്തീൻ പ്രശ്‌നം നടക്കുമ്പോൾ ഇവിടെ പലകാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളം വളരെ സജീവമായി ഇടപെടുന്ന വിഷയമാണ് പശ്ചിമേഷ്യ. ഇവിടെ ഫലസ്തീനുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ധാരാളമായി സമ്മേളനം നടക്കുന്നു. അതേസമയം, സമ്മേളനം ഇല്ലെങ്കിലും മറ്റു രീതിയിൽ ഇസ്രായേലുമായി ഐക്യപ്പെട്ടുനിൽക്കുന്ന വലിയൊരു വിഭാഗം ജനങ്ങളും ഇവിടെയുണ്ട്.

ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോൾ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിൽ നടന്ന സ്‌ഫോടനം അതുമായി(ഞാൻ സാങ്കൽപികമായി പറയുന്നതാണ്) നമുക്ക് ബന്ധപ്പെടുത്താൻ എളുപ്പമാണ്. കാരണം യഹോവാ സാക്ഷികൾ ക്രൈസ്തവ വിഭാഗമല്ല. അവർ യഹോവയിൽ മാത്രം വിശ്വസിക്കുന്നവരാണ്. ആ പേരു തന്നെ അങ്ങനെയാണ്. യഹോവാ സാക്ഷികൾ എന്നാണു പറയുന്നത്. രാഷ്ട്രത്തെയോ രാഷ്ട്രത്തിന്റെ ഭരണസംവിധാനത്തെയോ ഭരണഘടനയെയോ ഒന്നും ഉള്ളുകൊണ്ട് അംഗീകരിക്കുന്നവരല്ല. അവരുടെ വിധേയത്വം യഹോവയോടാണ്. അപ്പോൾ സ്വാഭാവികമായും യഹോവ എന്നു പറയുമ്പോൾ അതു ജൂതന്മാരുടെ ദൈവമാണ്, ആ ദൈവത്തെയാണ് അവർ വണങ്ങുന്നത്, വഴങ്ങുന്നത് എങ്കിൽ ജൂതസമൂഹവുമായി അവർക്ക് മാനസികമായ, വിശ്വാസപരമായ ഐക്യദാർഢ്യം ഉണ്ടാകും. അതുകൊണ്ട് പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ യഹോവ സാക്ഷികളുടെ നിലപാട് ഇസ്രായേലിന് ഒപ്പമായിരിക്കും, അനുകൂലമായിരിക്കും. അത് വളരെ സ്വാഭാവികമാണ്.

അതുകൊണ്ട് ഈ രംഗത്ത് ഒരു സ്‌ഫോടനം നടക്കുമ്പോൾ, അതിനുവേണ്ടി യഹോവ സാക്ഷികളുടെ സമ്മേളനം തന്നെ തിരഞ്ഞെടുത്തത് വളരെ യാദൃച്ഛികമായി സംഭവിച്ച ഒന്നായി കരുതാൻ നിവൃത്തിയില്ല. എനിക്ക് പ്രാഥമികമായി ഉണ്ടായ സംശയം, ഇതിന് പശ്ചിമേഷ്യയിൽ ഫലസ്തീനെതിരെ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടു തന്നെയായിരിക്കണം ഈ സ്‌ഫോടനം നടന്നത് എന്നാണ്. അങ്ങനെയെങ്കിൽ അതേതുടർന്നു നമുക്ക് പലതും അനുമാനിക്കാൻ കഴിയും. പക്ഷെ അനുമാനത്തിന്റെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്തിച്ചേരാവുന്ന സന്ദർഭമല്ല ഇത്.

നികേഷ് കുമാര്‍: പ്രേക്ഷകരുടെ അറിവിലേക്കായി, യഹോവ സാക്ഷികൾ ബൈബിളിനെയും ദൈവത്തെയും അംഗീകരിക്കുന്നവരാണ്. പക്ഷെ, ദൈവപുത്രനെ അംഗീകരിക്കുന്നില്ല.

സെബാസ്റ്റ്യന്‍ പോള്‍: പഴയ നിയമത്തെയും അംഗീകരിക്കുന്നവരാണ്.

നികേഷ് കുമാര്‍: ജൂതന്മാരെ നോക്കിയാൽ അവരുടെ ആരാധനയും ഏതാണ്ട് പാരലലാണ്.

സെബാസ്റ്റ്യന്‍ പോള്‍: അതെ, രണ്ടുപേരുടെയും വേദപുസ്തകം ഒന്നു തന്നെയാണ്.

നികേഷ് കുമാര്‍: അതുകൊണ്ടു തന്നെ ചില അനുമാനങ്ങളിലേക്കു നമുക്ക് എത്താം. പക്ഷെ, നമുക്ക് അങ്ങനെ പറയാനാകാത്ത സ്ഥിതിയാണ്. അന്വേഷണം പൂർത്തിയാകാത്തതുകൊണ്ടുതന്നെ.

സെബാസ്റ്റ്യന്‍ പോള്‍: അതെ, തീർച്ചയായും. അങ്ങനെത്തന്നെയാണു നമ്മൾ കരുതേണ്ടത്. ഏതു സ്‌ഫോടനത്തിനു പിന്നിലും അത് ആസൂത്രിതവും വളരെ ആലോചനയോടുകൂടിയും പണം ഉൾപ്പെടെ സമാഹരിച്ചുംവേണം നടത്താൻ. അങ്ങനെ പലരും ചേർന്ന് ആസൂത്രണം ചെയ്യുമ്പോൾ അതിനൊരു പർപ്പസ് ഉണ്ടാകും. വെറുതെയൊരു പടക്കം പൊട്ടിച്ച് രസിക്കുക എന്നതല്ലല്ലോ.. ആ പർപ്പസ് എന്നത് ഇപ്പോൾ യഹോവ സാക്ഷികളുടെ സമ്മേളനവുമായി ബന്ധപ്പെട്ടു ചിന്തിക്കുമ്പോൾ നമ്മുടെ ചിന്തകൾ ഫലസ്തീൻ വരെ നീണ്ടുപോകുന്നത് സ്വാഭാവികമാണ്.

നികേഷ് കുമാര്‍: (യഹോവ സാക്ഷികളുടെ പ്രാദേശിക വക്താവ്) ടി.എ ശ്രീകുമാർ (യഹോവ സാക്ഷികളെ കുറിച്ച്) വിശദീകരിക്കുന്നത് താങ്കൾ മനസിലാക്കിയിട്ടുള്ള കാര്യങ്ങളാണോ?

സെബാസ്റ്റ്യന്‍ പോള്‍: ഏറെക്കുറെ അതുതന്നെയാണ്. പക്ഷെ, ചില വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന് സ്ഥാനാർത്ഥിയെന്ന നിലയിൽ പല യഹോവ സാക്ഷികളെയും കാണേണ്ട സന്ദർഭമുണ്ടായിട്ടുണ്ട്. അവരുടെ യോഗങ്ങളിൽ ചെന്നു കാണേണ്ടിവന്നിട്ടുണ്ട്. അവർ വോട്ട് ചെയ്യില്ല. രാഷ്ട്രവ്യവസ്ഥയിലും സാഹചര്യങ്ങളിലുമൊന്നും വലിയ വിശ്വാസമുള്ളവരല്ല അവർ. രാഷ്ട്രത്തിന്റെ നിയമങ്ങൾ പാലിച്ചു ജീവിക്കണമെന്നത് നിർബന്ധമുള്ള കാര്യമായതുകൊണ്ട്, നിയമലംഘകരാണെന്നു പറയാനാകില്ല.

യഹോവാ സാക്ഷികളായ കുറേ കുട്ടികൾ കോടതിയിൽ വന്നത് നമുക്കറിയാം. ദേശീയഗാനം ആലപിക്കുന്നതിന് അവരെ നിർബന്ധിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം. അത് കോടതി അന്ന് അനുവദിച്ചു. ദേശീയഗാനം ആലപിക്കണമെന്നില്ല, പക്ഷെ ദേശീയഗാനത്തെ അവഹേളിക്കരുതെന്നാണു കോടതി അന്നു പറഞ്ഞത്. ആ രീതിയിൽ വളരെ പ്രത്യേകതകളുള്ള, നമുക്ക് വിചിത്രം എന്നു തോന്നിയേക്കാവുന്ന നിലപാടുകളുള്ളവരാണു യഹോവാ സാക്ഷികൾ.

ക്രിസ്ത്യൻ വിഭാഗമാണെന്ന് ശ്രീകുമാർ പറഞ്ഞെങ്കിലും അവർ യഹോവയെയാണ് ആരാധിക്കുന്നതെന്ന് ആ പേരുകൊണ്ടുതന്നെ നമുക്ക് അറിയാമല്ലോ.. യഹോവയെയാണ് വണങ്ങുന്നത്. യഹോവ ജൂതന്മാരുടെ ദൈവമാണ്. അതിന്റെ തുടർച്ചയാണ് ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും എന്നൊക്കെ പറഞ്ഞാലും, ഇന്നത്തെ കാലത്ത് യഹോവയെ പ്രത്യക്ഷത്തിൽ ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്നതു രണ്ടുവിഭാഗം മാത്രമേയുള്ളൂ. ഒന്ന് ജൂതന്മാരാണ്. മറ്റൊന്ന് യഹോവാ സാക്ഷികളും.

കേരളത്തിലിപ്പോൾ നികേഷ് സൂചിപ്പിച്ച പോലെ വിരലിലെണ്ണാവുന്ന ജൂതന്മാരേയുള്ളൂ. അവർക്ക് പൊലീസ് മതിയായ സംരക്ഷണവും ഒരുക്കിയിട്ടുമുണ്ട്. പിന്നീട് ഇസ്രായേലിനെ, അല്ലെങ്കിൽ ജൂതന്മാരെ ആക്രമിക്കുക എന്നു പറഞ്ഞാൽ, ദൈവശാസ്ത്രം പഠിച്ചിട്ടൊന്നുമല്ലല്ലോ ഇവർ വരുന്നത്. അവർക്കു കിട്ടാവുന്ന സ്വാഭാവികമായ ഇരകളാണു യഹോവാ സാക്ഷികൾ. പക്ഷെ, അങ്ങനെയൊരു ആക്രമണമുണ്ടാകുമെന്ന് ഞാൻ പോലും കരുതിയിരുന്നില്ല. നമ്മളാരും കരുതിയിരുന്നില്ല.

പക്ഷെ, ആക്രമണം നടത്താനും സ്‌ഫോടനം നടത്താനും വരുന്നവർക്ക് അവരുടേതായ ധാരണകളുണ്ടാകും. ഇപ്രകാരമൊരു ധാരണയുടെ അടിസ്ഥാനത്തിൽ ഇസ്രായേലിനോ അല്ലെങ്കിൽ ജൂതന്മാർക്കോ എതിരെ നടത്തണമെന്ന് അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള ആക്രമണം, അതിനുള്ള ഇരകളായി യഹോവാ സാക്ഷികൾ വന്നുപെട്ടതായിരിക്കാമെന്ന സംശയം ഇന്നത്തെ സാഹചര്യങ്ങളിൽ നമുക്കുണ്ടാകുന്നു.

നികേഷ് കുമാര്‍: കൊച്ചി എങ്ങനെയാണ് ഇത്തരമൊരു സോ കോൾഡ് റിട്ടാലിയേഷനിലേക്കു പോകുന്നത് എന്നു പരിശോധന നടത്തിയാൽ, ഇസ്രായേലിന്റെ ചരിത്രത്തിൽ തന്നെ കൊച്ചിയുടെ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമെങ്ങും ജൂതരെ ആട്ടിയോടിച്ചുകൊണ്ടിരുന്നപ്പോൾ ഇവിടെ നമ്മുടെ കൊച്ചിയിലാണ് യഥാർത്ഥത്തിൽ ജൂതർക്ക് കൊച്ചി രാജാവ് ഒരു പ്രാർത്ഥനാലയം നിർമിച്ചുകൊടുത്തിട്ടുള്ളത്. ആ നിലയിൽ അവർക്ക് വലിയ നിലയിലൊരു സംരക്ഷണവും നൽകിയിട്ടുള്ളത്. ജൂതസമൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വളരെ കുറഞ്ഞ വിഭാഗം മാത്രമേയുള്ളൂ.

ഈ ലോക്‌സഭാ മണ്ഡലത്തിലെയും നിയമസഭാ മണ്ഡലത്തിലെയും പ്രതിനിധി എന്ന നിലയിൽ, പശ്ചിമേഷ്യയിൽ പലഘട്ടങ്ങളിൽ ജൂതരും ഫലസ്തീനികളും തമ്മിലുള്ള സംഘർഷമുണ്ടായിട്ടുണ്ടല്ലോ.. ആ ഘട്ടങ്ങളിലൊക്കെത്തന്നെയും കൊച്ചി ഒരു പ്രധാനപ്പെട്ട ഇടമായിരുന്നോ? അല്ലെങ്കിൽ അതെപ്പോഴും സങ്കീർണമായി തുടരുന്ന അവസ്ഥയുണ്ടായിരുന്നോ? നമ്മൾ ഇപ്പോൾ ജാഗ്രത പാലിക്കേണ്ടിയിരുന്നോ?

സെബാസ്റ്റ്യന്‍ പോള്‍: നമ്മൾ കൊച്ചി എന്നു പറയുമ്പോൾ മട്ടാഞ്ചേരി എന്ന പേരുതന്നെ ഉപയോഗിക്കേണ്ടിവരും. അവിടെയാണ് ചരിത്രമുള്ളത്. നാലര നൂറ്റാണ്ടു പഴക്കമുള്ള പ്രസിദ്ധമായ ജ്യൂയിഷ് സിനഗോഗുള്ളത്. ജൂത കമ്മ്യൂണിറ്റിയും ഉണ്ടായിരുന്നത് അവിടെയാണ്. അവിടെ തന്നെയാണ് മുസ്‌ലിംകളുടെ വൻതോതിലുള്ള കേന്ദ്രീകരണം ഉള്ള സ്ഥലവും. പക്ഷെ, അവിടെ എത്ര സൗഹാർദപരമായി, സാഹോദര്യഭാവത്തിലാണ് ജൂതന്മാരും മുസ്‌ലിംകളും ജീവിച്ചിരുന്നത് എന്നു നമുക്ക് അറിയാം. അതു ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.

പക്ഷെ, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് അങ്ങനെയല്ല. കാര്യങ്ങളിലൊക്കെ മാറ്റംവന്നിരിക്കുന്നു. സ്‌ഫോടനത്തിന് കളമശ്ശേരി തിരഞ്ഞെടുത്തതില്‍ യഹോവാ സാക്ഷികളുടെ സാന്നിധ്യത്തിനപ്പുറം നമുക്ക് പഴയൊരു ഓർമ വരുന്നുണ്ട്. ഏതാണ്ട് ഈ പ്രദേശത്തിന് അടുത്തുതന്നെയായിരുന്നു തമിഴ്നാട് ബസ് കത്തിച്ചത്. ആ രീതിയിൽ എന്നും സംഭവിക്കാൻ സാധ്യതയുണ്ട്. ജൂതന്മാരെ ആക്രമിക്കാൻ കിട്ടാത്തതുകൊണ്ട്, യഹോവയുടെ പേരിൽ സമ്മേളിക്കുന്നവരെ ആക്രമിക്കാനുള്ള ഒരു വിദൂരമായ സാധ്യതയെങ്കിലുമുണ്ട് എന്ന രീതിയിലുള്ള ഒരു ശ്രദ്ധയും മുൻകരുതലും പൊലീസിന് ഉണ്ടാകേണ്ടിയിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്.

എല്ലാം സംഭവിച്ചതിനുശേഷം പറയുന്ന കാര്യമാണെങ്കിൽ പോലും, യഹോവാ സാക്ഷികളെ ഈ ആക്രമണത്തിനു തിരഞ്ഞെടുത്തതിൽ അസ്വാഭാവികതയില്ല. ലോകരാഷ്ട്രീയ സാഹചര്യങ്ങളിൽ അതിനൊരു ന്യായീകരണവുമുണ്ട്.

നികേഷ് കുമാര്‍: ജ്യൂയിഷ് സിനഗോഗിന് സ്വാഭാവികമായും എല്ലാ ഘട്ടത്തിലും സംരക്ഷണമുണ്ടാകും. ഇപ്പോൾ കൂടുതൽ സംരക്ഷണമൊരുക്കും. എന്നാൽ, യഹോവാ സാക്ഷികളുടെ കാര്യത്തിനകത്ത് അങ്ങ് ചൂണ്ടിക്കാണിച്ച, പ്രവർത്തനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം മുഴുവൻ ദൈവശാസ്ത്രവും പഠിച്ചിട്ടല്ല അവർ ഈ പ്രവർത്തനം നടത്തുന്നത്. ഒരു സന്ദേശം കൊടുക്കുക എന്നുള്ള കൃത്യമായ ലക്ഷ്യമുണ്ടാകും.

അതിനൊരു പ്ലാനിങ് വേണം. ഒരു ഹൈലെവൽ പ്ലാനിങ് ആ നിലയിൽ നടത്തുകയും ബോംബ് നിർമിക്കാൻ ആവശ്യമായ, നമ്മൾ മനസിലാക്കാത്ത തരത്തിൽ, നമ്മുടെ കൺമുന്നിൽ കാണാത്ത തരത്തിൽ, ഒരു ഷാഡോ പ്രവർത്തനം ഇവിടെ നടക്കുന്നുണ്ട്. നല്ല രീതിയിൽ ആലോചന നടക്കുന്നുണ്ട്. അതിനനുസരിച്ചു പ്രവർത്തിക്കാൻ ഇവിടെ ആളെക്കിട്ടുന്നുണ്ട്.

സെബാസ്റ്റ്യന്‍ പോള്‍: തീർച്ചയായും. നമ്മുടെ അനുഭവം അതാണല്ലോ.. ഭീകരപ്രവർത്തനമോ ബോംബ് സ്‌ഫോടനമോ മാത്രമല്ല. അതല്ലാത്ത ഏതെല്ലാം രീതിയിലുള്ള അനാശാസ്യപ്രവർത്തനങ്ങളുണ്ട്. ലഹരിമരുന്നിന്റെ കടുത്തും അതിന്റെ വിപണനവും വിതരണവുമെല്ലാം. അങ്ങനെ ഏതുതരത്തിലുള്ള പ്രവർത്തനങ്ങൾക്കും ആളെക്കിട്ടുന്ന ഇടമായി കൊച്ചി മാറിയിട്ടുണ്ട്. മറ്റേതു മഹാനഗരങ്ങളെയും പോലെയുള്ള കാര്യങ്ങൾ ഇവിടെയും സംഭവിക്കും. അങ്ങനെയാണ് കൊച്ചിയുടെ വളർച്ച. ഇവിടെയൊരു അധോലോകം തന്നെ കൊച്ചിയിലുണ്ടായിട്ടുണ്ട്.

അങ്ങനെയുള്ള അവസ്ഥയിൽ കൊച്ചിയിൽ പ്രത്യേകമായൊരു ഇന്റലിജൻസ് ശ്രദ്ധ വേണ്ടതുണ്ട്. ഈ വിഷയത്തിൽ ഇന്റലിജൻസിന് അങ്ങനെയൊരു ശ്രദ്ധ ഉണ്ടായിരുന്നോ, അതിൽ എന്തെങ്കിലും പാകപ്പിഴവുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് പൊലീസ് തന്നെയാണ്. ഇനിയുള്ള മണിക്കൂറുകളിൽ കൂടുതൽ വിവരം ലഭിക്കുമെന്നു കരുതാം. പക്ഷെ, ഒരു ആഗോളവാർത്തയാകത്തക്കെയുള്ള ഇന്നത്തെ ഈ സാഹചര്യത്തിലാണ് കൊച്ചിയിൽ ഇതു സംഭവിച്ചിരിക്കുന്നത്.

നികേഷ് കുമാര്‍: വളരെ ചരിത്രപ്രാധാന്യമുള്ള ഇടമാണ് കൊച്ചി മട്ടാഞ്ചേരി. കളമശ്ശേരിയാണെങ്കിൽ വേറൊരു തരത്തിൽ തീവ്രവാദ പ്രവർത്തനത്തിനു മുൻ അനുഭവമുള്ള ഇടമാണ്. തടിയന്റവിട നസീർ മുഖ്യപ്രതിയായ കളമശ്ശേരി ബസ് കത്തിക്കൽ സംഭവം നടന്നത് ഈ കളമശ്ശേരിയിലാണ്. അവിടെത്തന്നെയാണ് ഈ സ്‌ഫോടനം നടന്നത്.

Summary: 'There is a remote possibility of attacking those who gather in the name of Jehovah because the Jews cannot be found here' - Dr. Sebastian Paul in Reporter TV television discussion yesterday about the Kalamassery blast.

Similar Posts